അർണബ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം

റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അർണബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയിൽ വെച്ച് ആക്രമണം നടന്നതായി ആരോപണം. ഏപ്രിൽ 22ന് രാത്രി 10 മണിക്ക് നടന്ന ചാനൽ ചർച്ചകൾക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്  ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നത് എന്നാണ് അര്‍ണബിന്‍റെ ആരോപണം.

ബൈക്കിലെത്തിയ രണ്ട് പേര്‍ തന്റെ കാര്‍ മറികടന്ന് തടഞ്ഞു നിര്‍ത്തുകയും കാറിന്റെ വിന്‍ഡോ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും എന്തോ ദ്രാവകം കാറിനു മുകളിലേക്ക് ഒഴിക്കുകയും ചെയ്തുവെന്നും അര്‍ണബ് പറയുന്നു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും വീഡിയോ സന്ദേശത്തില്‍ അര്‍ണബ്  ആരോപിച്ചു.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു. മുസ്‍ലിം പണ്ഡിതന്മാരും ക്രിസ്ത്യന്‍ വൈദികരും ഇത്തരത്തില്‍ കൊല ചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും സോണിയാ ഗാന്ധി അപ്പോഴും നിശ്ശബ്ദയായിരിക്കുമോ എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.

Read more

സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ തനിക്കെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച് അര്‍ണബ് ഗോസ്വാമിയും രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയ ഗാന്ധി ആയിരിക്കുമെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നുണ്ട്. അതേസമയം, ചാനല്‍ ചര്‍ച്ചക്കിടെ മത സ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന അര്‍ണാബ് ഗോസ്വാമിക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.