പ്രിയങ്കയ്ക്ക് പിന്നാലെ ഉചിതസമയത്ത് താനും പാര്‍ലമെന്റില്‍ എത്തും; രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അതിയായ ആഗ്രഹം; പ്രഖ്യാപിച്ച് റോബര്‍ട്ട് വാദ്ര

വയനാട്ടില്‍ നിന്നും പ്രിയങ്കാ ഗാന്ധി ജയിച്ചാല്‍ വൈകാതെ താനും പാര്‍ലമെന്റിലെത്തുമെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. വയനാട്ടിലും റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിയുമെന്നും അവിടെ പ്രിയങ്ക മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാദ്രയുടെ ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്.

വയനാട്ടില്‍ പ്രിയങ്ക വിജയിക്കുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക പാര്‍ലമെന്റില്‍ എത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. പ്രിയങ്കയ്ക്ക് പിന്നാലെ ഉചിതസമയത്ത് ഞാനും പാര്‍ലമെന്റിലെത്തുമെന്നും വാദ്ര പറഞ്ഞു.

രാജ്യസഭാംഗമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കഴിഞ്ഞ മെയില്‍ വാദ്ര സൂചന നല്‍കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ അമേഠിയില്‍ മത്സരിക്കാനുള്ള താല്‍പര്യവും അദ്ദേഹം പരസ്യമാക്കി. വാദ്രയ്ക്കായി അമേഠിയിലെ പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം,
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ മത്സരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര പറഞ്ഞു. വയനാടിന് ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ അഭാവം അറിയിക്കില്ലെന്നും അവര്‍ പറഞ്ഞു. റായ്ബറേലിയിലും വയനാട്ടിലും ഞാന്‍ സഹോദരനെ സഹായിക്കും.

രാഹുല്‍ ഗാന്ധിയുടെ അഭാവം നികത്താന്‍ ഞാന്‍ പരമാവധി കഠിനാധ്വാനം ചെയ്യും. എല്ലാവരെയും സന്തോഷിപ്പിച്ച് മികച്ച നിലയിലെത്തിക്കാന്‍ പരമാവധി ശ്രമിക്കും. റായ്ബറേലിയുമായും അമേഠിയുമായും കഴിഞ്ഞ 20 വര്‍ഷത്തോളമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഈ രണ്ടു സ്ഥലങ്ങളുമായുള്ള ബന്ധം ഞാന്‍ പഴയ പോലെ തന്നെ തുടരും. ആ ബന്ധം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.