ഒമര്‍ അബ്ദുള്ളയുടെ തടങ്കലിനെതിരായ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ പി.എസ്.എ (പൊതു സുരക്ഷാ നിയമം) ചുമത്തി തടങ്കലിലാക്കിയതിനെതിരെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് മോഹന്‍ എം. ശന്തനഗൗഡര്‍ ആണ് പിന്മാറിയത്. പിന്മാറിയതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഒമര്‍ അബ്ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ച് മുതല്‍ ഒമര്‍ തടവിലാണ്. ഒമറിനെ കൂടാതെ പിതാവും മുന്‍ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുല്ല, മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ ഏഴ് മാസത്തിലേറെയായി തടവിലാണ്.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഒമര്‍ അബ്ദുള്ളക്ക് മേല്‍ പി.എസ്.എ ചുമത്തിയത്. ഈ നിയമപ്രകാരം ഒരാളെ വിചാരണ കൂടാതെ രണ്ടു വര്‍ഷം വരെ തടങ്കലിലാക്കാന്‍ സാധിക്കും.