സെറം, ഭാരത് ബയോടെക്ക് കോവിഡ് വാക്സിനുകൾക്ക് അനുമതി ലഭിച്ചില്ല

കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും അപേക്ഷ തള്ളി. സുരക്ഷയെയും കാര്യക്ഷമതയെയും സംബന്ധിച്ച വിവരങ്ങൾ അപര്യാപ്തമാണെന്ന കാരണം കാണിച്ചാണ് ഇന്ന് അനുമതി നിഷേധിച്ചതെന്നാണ് റിപ്പോർട്ട്.

ഫൈസർ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ അപേക്ഷകൾ അവലോകനം ചെയ്യുന്നതിനായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) സബ്ജക്റ്റ് എക്‌സ്‌പെർട്ട് കമ്മിറ്റി ഇന്ന് യോഗം ചേർന്നു. അംഗീകാരം നൽകുന്നത് ഒരു നീണ്ട പ്രക്രിയയാണെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നും വൃത്തങ്ങൾ അറിയിച്ചു.

സമിതിക്ക് ശിപാർശ ചെയ്യാൻ മാത്രമേ കഴിയൂ, പക്ഷേ വാക്സിനുകൾ അംഗീകരിക്കാനുള്ള തീരുമാനം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) യുടേതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

“സർക്കാർ നിരവധി ചർച്ചകൾ നടത്തുന്നത് സ്വാഭാവിക പ്രക്രിയയാണ്. ഒന്നോ രണ്ടോ ആഴ്ചത്തേക്ക് ഈ പ്രക്രിയ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൃത്തങ്ങൾ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന ഓക്സ്ഫോർഡ് വാക്സിന് ഡിസംബർ 6- ന് അനുമതി അഭ്യർത്ഥിച്ചിരുന്നു.

ഫാർമ ഭീമനായ ഫൈസർ യു.കെയിലും ബഹ്‌റിനിലും അനുമതി നേടിയ ശേഷം ഇന്ത്യയിൽ അനുമതി തേടിയിരുന്നു.

Read more

തിങ്കളാഴ്ച ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഡി.സി.ജി.ഐക്ക് അപേക്ഷ നൽകിയിരുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അംഗീകാരത്തിനായി അപേക്ഷിക്കുന്ന മൂന്നാമത്തെ വാക്സിൻ നിർമ്മാതാക്കളാണ് ഭാരത് ബയോടെക്.