തൂത്തുക്കുടിയില്‍ 21 കോടിയുടെ ഹെറോയിനുമായി ആറ് പേര്‍ അറസ്റ്റില്‍, കടലില്‍ നിന്ന് കിട്ടിയതെന്ന് പ്രതികള്‍

തമിഴ്‌നാട് തൂത്തുക്കുടിയില്‍ 21 കോടി വില വരുന്ന ഹെറോയിന്‍ പിടികൂടി. മയക്കുമരുന്ന് കടത്തുകയും വില്‍പന നടത്തുകയും ചെയ്ത ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 21 കിലോ ഹെറോയിനാണ് പിടികൂടിയത്. പ്രതികളില്‍ മൂന്ന് പേര്‍ തരുവൈക്കുളം തീരദേശ ഗ്രാമത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണെന്നും മറ്റ് മൂന്ന് പേര്‍ തൂത്തുക്കുടി നഗരത്തില്‍ നിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് 15 ലക്ഷം രൂപ വിലവരുന്ന 150 ഗ്രാമില്‍ കൂടുതല്‍ മയക്കുമരുന്നുമായി മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് 21 കിലോ ഹെറോയിന്‍ കണ്ടെത്തിയത്. ഹെറോയിന്‍ കടലില്‍ നിന്ന് ലഭിച്ചതാണെന്നാണ് പ്രതികളുടെ മൊഴി. ഈ വര്‍ഷമാദ്യം അറബിക്കടലില്‍ മിനിക്കോയ് ദ്വീപുകള്‍ക്ക് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ പാഴ്‌സല്‍ പൊങ്ങിക്കിടക്കുന്നത് കണ്ടു. അത് എടുത്ത് തൂത്തുക്കുടിയിലേക്ക് കൊണ്ടു വരികയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ഒരു കിലോ വീതമുള്ള 30 പായ്ക്കറ്റുകളില്‍ ആയിട്ടായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. ഇതിന്റെ മൂല്യം അറിയാതെയും, ഇതിനെ ഒഴിവാക്കാനായിട്ടും കിലോയ്ക്ക് ഒന്നര ലക്ഷം രൂപ വിലയ്ക്കാണ് വിറ്റിരുന്നത്. സംഭവത്തില്‍ മത്സ്യത്തൊഴിലാളികളുടെ മൊഴിയില്‍ സത്യമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എന്‍ഫോഴ്സ്മെന്റിന്റേയും സുരക്ഷാ ഏജന്‍സികളുടേയും വലയിലാകുമെന്നാകുമ്പോള്‍ കള്ളക്കടത്തുകാര്‍ മയക്കുമരുന്ന് കടലില്‍ തള്ളുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

മത്സ്യത്തൊഴിലാളികളുടെ മൊഴി അന്നേ ദിവസം ബൊട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ സ്ഥിരീകരിച്ചട്ടുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയട്ടുണ്ട്. നിലവില്‍ പിടിയിലായവര്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ്(എന്‍ഡിപിഎസ്) നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.