നോട്ടുനിരോധനത്തിന് ശേഷം ഇറക്കിയ നോട്ടുകള്‍ അബദ്ധത്തില്‍ കീറിപ്പോയാലോ മഷി പുരണ്ടാലോ പിന്നെ മാറ്റി ലഭിക്കില്ല, ബാങ്കില്‍ സ്വീകരിക്കുകയുമില്ല. റിസര്‍വ് ബാങ്ക് ഇതിനെകുറിച്ച് വ്യക്തമായ നിര്‍ദ്ദേശം ഇതുവരെ നല്‍കിയിട്ടില്ലാത്തതുകൊണ്ടാണ് മാറ്റി നല്‍കാത്തതെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്.
മുന്നറിയിപ്പ് കൂടാതെ 1000ത്തിന്റെയും 500ന്റെയും നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് പകരം 2000ന്റേതാക്കാന്‍ ചില്ലറയൊന്നുമല്ല ജനങ്ങള്‍ ബുദ്ധിമുട്ടിയത്. ഒരു വിധം അസാധു നോട്ടുകള്‍ മാറി 2000ന്റെ നോട്ടുകള്‍ ഉപയോഗിച്ച് തുടങ്ങിയെങ്കിലും പുതിയ നോട്ടുകള്‍ കീറിപോവുകയോ മഷി പുരളുകയോ ചെയ്താല്‍ ബാങ്കില്‍ സ്വീകരിക്കുന്നില്ല.
മുന്‍പ് ഇത്തരം നോട്ടുകള്‍ മാറി പകരം നോട്ടുകള്‍ ബാങ്കില്‍ നിന്ന് ലഭിക്കുമായിരുന്നു. നോട്ടുനിരോധനത്തിന് ശേഷം ഇറക്കിയ പുതിയ നോട്ടുകളാണ് കേടുപാടുകള്‍ സംഭവിച്ചാല്‍ ബാങ്ക് സ്വീകരിക്കാത്തത്. പഴയ 10, 20, 50, 100 നോട്ടുകള്‍ കീറിയാലും ബാങ്കില്‍ നിന്ന് മാറ്റി ലഭിക്കും. പുതിയ നോട്ടുകള്‍ കീറിയാലോ മഷി പുരണ്ടാലോ മാറ്റി നല്‍കുന്നതിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. അതിനെക്കുറിച്ച് ധാരണ ലഭിക്കുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും അറിയിച്ചു.
Read more
നോട്ട് നിരോധനം നടപ്പാക്കി ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല. കള്ളപ്പണം രാജ്യത്ത് നിന്ന് തുടച്ച് നീക്കാനെന്ന പേരിലാണ് നിരോധനം നടപ്പിലാക്കിയത്. 2016 നവംബര്‍ 8നാണ് നോട്ടു നിരോധനം നടപ്പിലാക്കിയത്.