നാഷണൽ ഹെറാൾഡ് കേസ്: സോണിയ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ലെന്ന് റിപ്പോർട്ട്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനെ തുടർന്നാണിത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിന് ശേഷം വിശ്രമത്തിലാണ് സോണിയ. രാഹുലിന്റെ ചോദ്യചെയ്യൽ അവസാനിച്ചയുടൻ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാനായിരുന്നു ഇ. ഡിയുടെ നീക്കം.

വ്യാഴാഴ്ച ഹാജരാകാനാണ് സോണിയക്ക് നേരത്തേ ഇ.ഡി നൽകിയ സമൻസ്.കേസിൽ രാഹുൽ ഗാന്ധിയെ ഇന്നലെ 12 മണിക്കൂറാണ് ചോദ്യം ചെയ്തത്. തുടർച്ചയായി ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അര മണിക്കൂർ ഇടവേള ഇഡി രാഹുലിന് നൽകിയിരുന്നു. ശേഷം പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഇഡി ഓഫീസിലേക്ക് മടങ്ങി വന്നത്.

കേരളത്തിൽ നിന്നുള്ള എം.എൽ.എമാരടക്കം ഡൽഹിയിൽ എത്തിച്ചു രണ്ടാം ഘട്ട സമരം ആരംഭിക്കാൻ കോൺഗ്രസ് തയാറെടുക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ മൊഴിയെടുപ്പ് പൂർത്തിയാക്കിയത്.

ഇ.ഡി മൊഴിയെടുപ്പ് ആറാം ദിവസത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് കടുത്ത സമരങ്ങൾ കോൺഗ്രസ് ആസൂത്രണം ചെയ്തത്. തെരുവിൽ സമരം നിരോധിച്ചാൽ എംപിമാരുടെ വസതികൾ കേന്ദ്രീകരിച്ചു സമരം ചെയ്യാനായിരുന്നു നീക്കം.