ഇപ്പോഴും മരവിപ്പില്‍; ഭയമില്ലാതെ ജീവിക്കാനുള്ള എന്റെ അവകാശം തരണം'; പ്രതികളെ വെറുതെവിട്ടതില്‍ ബില്‍ക്കീസ് ബാനു

ഭയമില്ലാതെ ജീവിക്കാനുള്ള തന്റെ അവകാശം തിരികെ തരണമെന്ന് ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനു. ഗുജറാത്ത് കലാപകാലത്ത് തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുകാരിയായ കുഞ്ഞടക്കം തന്റെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെയും മോചിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിലാണ് ബാനുവിന്റെ പ്രതികരണം.

സര്‍ക്കാര്‍ തീരുമാനത്തില്‍ തന്റെ ആഴത്തിലുള്ള വേദന വ്യക്തമാക്കുന്നതാണ് പ്രതികളെ വെറുതെവിട്ട ശേഷമുള്ള ബാനുവിന്റെ ആദ്യ പ്രസ്താവന. പ്രതികളെ വെറുതെവിട്ടതിനെ കുറിച്ച് കേട്ടതോടെ തനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ലാതായിപ്പോയെന്നും പ്രതികളുടെ മോചനം തന്റെ സമാധാനം തകര്‍ത്തെന്നും ബില്‍ക്കീസ് ബാനു പ്രസ്താവനയില്‍ പറയുന്നു.

ബില്‍ക്കീസ് ബാനുവിന്റെ പ്രസ്താവന

”കഴിഞ്ഞ 20 വര്‍ഷമായി താന്‍ അനുഭവിച്ചുവരുന്ന മാനസിക ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ ജീവിതവും കുടുംബവും തകര്‍ത്ത, എന്റെ മൂന്നു വയസുകാരി മകളെ ഇല്ലാതാക്കിയ 11 പ്രതികളെ സര്‍ക്കാര്‍ വെറുതെവിട്ടു എന്ന് കേട്ടതോടെ എനിക്കൊന്നും പറയാന്‍ പറ്റാതായി. ഇപ്പോഴും മരവിപ്പിലാണ്.

എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇങ്ങനെ അവസാനിക്കുക? നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു. വ്യവസ്ഥിതിയില്‍ വിശ്വസിച്ചു. മാനസിക ആഘാതത്തിനൊപ്പം ജീവിക്കാന്‍ ഞാന്‍ പതുക്കെ പഠിക്കുകയായിരുന്നു. പ്രതികളുടെ മോചനം എന്റെ സമാധാനം തകര്‍ക്കുന്നതായിരുന്നു. നീതിയിലുള്ള എന്റെ വിശ്വാസം ഇല്ലാതാക്കാനും അതു കാരണമായി. എന്റെ ദുഃഖവും എന്റെ പതറുന്ന വിശ്വാസവും എനിക്ക് മാത്രമല്ല, കോടതികളില്‍ നീതിക്കായി പോരാടുന്ന ഓരോ സ്ത്രീക്കുമുള്ളതാണ്.

Read more

ഇത്രയും ക്രൂരവും അന്യായവുമായ തീരുമാനം എടുക്കുന്നതിന് മുമ്പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചില്ല. ഈ കെടുതി എന്നില്‍ നിന്ന് മാറ്റാന്‍ ഞാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് അപേക്ഷിക്കുന്നു. ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള എന്റെ അവകാശം എനിക്ക് തിരികെ തരണം. എന്റെ കുടുംബവും ഞാനും സുരക്ഷിതരാണെന്ന് ഉറപ്പാക്കണം”.