'രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും'; തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുന്‍പ് ഇത്തരത്തിലൊരു നടപടി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ തിരഞ്ഞെടുക്കപ്പെട്ട ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സിങ് സന്ധു എന്നിവര്‍ക്കെതിരേ നിലവില്‍ ആരോപണങ്ങളൊന്നുമില്ലെന്നും കോടതി വിലയിരുത്തി.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യുന്നത് എന്തിനെന്നും കമ്മീഷണര്‍മാരുടെ നിയമനത്തെ ചോദ്യം ചെയ്യാനുള്ള സാഹചര്യം എന്തെന്നും ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. കേന്ദ്രം നടത്തിയ നിയമനം നിയമവിരുദ്ധമല്ല, നിയമനിര്‍മാണ സഭകളുടെ അധികാരത്തിനു കീഴിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യാന്‍ ജുഡീഷ്യറിക്ക് കഴിയില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.

Read more

കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോര്‍മ്‌സ് എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.