ഫെയ്‌സ്ബുക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ല; കൗമാരക്കാരന്‍ 16കാരിയെ കുത്തിക്കൊന്നു

ഫെയ്‌സ്ബുക്കിൽ ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിക്കാത്തതിന്റെ പേരിൽ കൗമാരക്കാരൻ പതിനാറുകാരിയെ കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ മുസഫനഗർ സ്വദേശിയായ രവിയാണ് ഫെയ്‌സ്ബുക്കിൽ തന്റെ ഫ്രണ്ട്സ് റിക്വസ്റ്റ് , സ്വീകരിക്കാത്തതിനെത്തുടർന്ന് പതിനാറുകാരിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഫരീദാബാദ് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പെൺകുട്ടിയുടെ പിതാവ് തേജ്‍വീർ സിംഗിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് കൗശൽ പറഞ്ഞു. ഹൈവേ പൊലീസ് സ്റ്റേഷൻ പരിധിയിലെ നഗ്ല ബോഹ്‌റ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം.

വിവാഹ ക്ഷണക്കത്തുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു രവി. കത്ത് സ്വീകരിക്കാൻ പെൺകുട്ടി അടുത്തെത്തിയപ്പോൾ രവി കുത്തുകയായിരുന്നു. തടയാനെത്തിയ അമ്മ സുനിതയെയും രവി ആക്രമിച്ചു.

Read more

പിന്നീട് കത്തി ഉപയോഗിച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഫെയ്‌സ്ബുക്കിൽ തൻറെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിനെ തുടർന്നാണ് രവി അക്രമിച്ചതെന്ന് തേജ്‍വീറിൻറെ പരാതിയിൽ പറയുന്നു.