ബിഹാറിൽ ബി.ജെ.പി തോൽക്കും, തേജസ്വിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് മുന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ

ബിഹാർ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 124 സീറ്റുകളും നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദേശീയ ഡെമോക്രാറ്റിക് അലയൻസിന് 110 ഉം സീറ്റുകൾ ലഭിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ മൊത്തത്തിൽ നൽകുന്ന സൂചന. സംസ്ഥാനത്ത് മൂന്ന് ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണിത്.

ടൈം നൗ- സി വോട്ടർ എക്സിറ്റ് പോൾ എൻ‌.ഡി.‌എ സഖ്യത്തിന് 116 ഉം പ്രതിപക്ഷമായ മഹാസഖ്യത്തിന് 120 ഉം സീറ്റുകൾ ആണ് പ്രവചിക്കുന്നത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽ‌ജെ‌പി) ഒരു സീറ്റ് നേടുമെന്നും ഇതിൽ പറയുന്നു.

റിപ്പബ്ലിക് ടിവി-ജൻ കി ബാത്ത് എക്സിറ്റ് പോൾ പ്രതിപക്ഷ സഖ്യത്തിന് 118 മുതൽ 138 സീറ്റുകളും ഭരണകക്ഷിയായ എൻ‌ഡി‌എയ്ക്ക് 91 മുതൽ 117 സീറ്റുകളും പ്രവചിക്കുന്നു. ചിരാഗ് പാസ്വാന്റെ പാർട്ടി അഞ്ച് മുതൽ എട്ട് വരെ സീറ്റുകൾ നേടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read more

നവംബർ 10 ചൊവ്വാഴ്ച ബീഹാർ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 243 സീറ്റുകളുള്ള ബീഹാർ നിയമസഭയിൽ ഭൂരിപക്ഷത്തിന് 122 ആവശ്യമാണ്. ഭരണകക്ഷിക്കെതിരെയുള്ള ജനങ്ങളുടെ വികാരം തുടർച്ചയായ നാലാം തവണയും മുഖ്യമന്ത്രി ആവനുള്ള നിതീഷ് കുമാറിന്റെ ശ്രമത്തിന് വെല്ലുവിളിയാകാമെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന.