ജമ്മുവിലെ ഭീകരാക്രമണം പാകിസ്ഥാന്റെ അറിവോടെ; ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങള്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ ഭീകരരെന്ന് നിഗമനം. ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ആറ് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പട്രോളിംഗ് നടത്തിയ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആയിരുന്നു ആക്രമണം. വനത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനിക വാഹനത്തിന് നേരെ ആദ്യം ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. മലമുകളില്‍ നിന്നായിരുന്നു സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.

ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതാണെന്നും ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായും സൈന്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എം 4 കാര്‍ബണ്‍ റൈഫിളുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. അത്യാധുനിക ആയുധങ്ങളുമായെത്തിയ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതായാണ് നിഗമനം.

ആക്രമണത്തിന് ശേഷം രക്ഷപ്പെടാനും പതിയിരുന്ന് ആക്രമണം നടത്താനും ഭീകരര്‍ക്ക് പ്രാദേശിക ഗൈഡിന്റെ സഹായം ലഭിച്ചതായും സൂചനയുണ്ട്. ആക്രമണത്തിന് ശേഷം വനമേഖലയില്‍ ഒളിച്ചെന്ന് കരുതുന്ന ഭീകരര്‍ക്കായി സൈന്യത്തിന്റെ കമാന്‍ഡോ സംഘം വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

Read more

ഇന്ത്യന്‍ സൈന്യത്തിന്റെ 9 കോര്‍പ്സിലെ കീഴിലാണ് സംഘര്‍ഷം തുടരുന്ന പ്രദേശം. ജൂണ്‍ 11,12 തീയതികളില്‍ ജമ്മു കശ്മീരിലെ ദോഢ ജില്ലയില്‍ ഇരട്ട ഭീകരാക്രമണം നടന്നിരുന്നു. ജൂണ്‍ 26ന് ദോഢ ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.