രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്ത എംഎല്‍എ കേരളത്തിന്റെ മാനം കാത്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആ എംഎല്‍എയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. നരേന്ദ്ര മോദിക്കെതിരായ അന്ധമായ രാഷ്ട്രീയ വിരോധത്തിന് തിരിച്ചടി നേരിട്ടു. വോട്ട് ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്കാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ബിജെപി-എന്‍ഡിഎ സഖ്യത്തിന് നിയമസഭയില്‍ ഒരു എംഎല്‍എ പോലുമില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ ഒരു എംഎല്‍എ ഇരു മുന്നണികളുടെയും പൊതു തീരുമാനത്തിന് വിരുദ്ധമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തുവെന്നാണ് വ്യക്തമാകുന്നത്.
ജനതാദള്‍ എസ് ദേശീയ നേതൃത്വം ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് കേരള ഘടകം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്യുക എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
Read more
64.03 ശതമാനം വോട്ട് ദ്രൗപതിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. പ്രതിപക്ഷത്തെ 17 എംപിമാര്‍ മുര്‍മുവിന് അനുകൂല ക്രോസ് വോട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.