സിപിഎമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയിൽ ചേർന്ന പിബി യോഗത്തിൽ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോൺഗ്രസിലാണ് ഔദ്യോഗികമായി അംഗീകാരം നൽകിയത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം സദസിനെ അഭിമുഖീകരിച്ച് സംസാരിച്ച ബേബി ഔപചാരികതയുടെ ലളിത ഭാഷണമാണ് നിർവഹിച്ചത്. സംഘാടനത്തിലെ മികവിനെ പ്രത്യേകം എടുത്ത് പറഞ്ഞു അഭിനന്ദിച്ച ബേബി മധുര പാർട്ടി ഘടകത്തെ പ്രത്യേകം എടുത്ത് പരാമർശിച്ചു.
തുടർന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ബേബി രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ് പാർട്ടി ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി എന്ന് പ്രസ്താവിച്ചു. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും വിശാലമായ യോജിപ്പ് വളർത്തിയെടുക്കണം എന്ന് പറയുമ്പോൾ തന്നെ ബിജെപിയെ നവഫാസിസ്റ്റ് നീക്കം എന്ന് തന്നെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോഴും ഓരോ സംസ്ഥാനത്തിന്റെയും സവിശേഷ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് നിലപാടുകൾ സ്വീകരിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഒഴികെ 75 വയസ് പിന്നിട്ട നേതാക്കൾ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് പിണറായി വിജയനാണ് എന്ന നിലക്ക് കൂടിയാണ് അദ്ദേഹത്തിന് ഇളവ് നൽകിയത് എന്ന് ബേബി പറഞ്ഞു. എന്നാൽ ആരാണ് അടുത്ത മുഖ്യമന്ത്രി ആകേണ്ടത് എന്ന് ഇപ്പോൾ എന്തിനാണ് ഉദ്യോഗത്തോടെ ചർച്ച ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പിബി കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി, ബൃന്ദാ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണൻ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയിൽ നിന്ന് ഒഴിവാക്കിയത്.
Read more
പി കെ ശ്രീമതി സിപിഎം കേന്ദ്രകമ്മിറ്റിയിൽ തുടരും. ബൃന്ദാ കാരാട്ടും പ്രകാശ് കാരാട്ടും സിസിയിലെ ക്ഷണിതാക്കൾ ആകും. എസ് രാമചന്ദ്രൻ പിള്ലയും മണിക് സർക്കാരും കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാക്കൾ ആകും. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിസാൻ സഭ ജനറൽ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആർ അരുൺ കുമാറും അടക്കം എട്ട് പുതുമുഖങ്ങൾ പി ബിയിലെത്തി. അരുൺ കുമാർ ആന്ധ്രയിൽ നിന്നുള നേതാവാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തിൽ യു വാസുകിയും മറിയം ധാവ്ളെയും പോളിറ്റ് ബ്യൂറോയിലെത്തി. തമിഴ്നാട്ടിൽ നിന്നുള്ല കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമാണ് യു വാസുകി. മഹാരാഷ്ട്രയിൽ നിന്നുള്ല കേന്ദ്ര കമ്മിറ്റി അംഗമായ മറിയം, മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയുമാണ്. കെ ബാലകൃഷ്ണൻ (തമിഴ്‌നാട്), അമ്രാറാം (രാജസ്ഥാൻ), ജിതേന്ദ്ര ചൗധരി (ത്രിപുര), ശ്രീദിപ് ഭട്ടാചര്യ (ബംഗാൾ) എന്നിവർ മറ്റ് പുതിയ പി ബി അംഗങ്ങൾ.