ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി; കുടുംബം ഇനി സുപ്രീംകോടതിയിലേക്ക്

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജിയാണ് കോടതി തള്ളിയത്. ഈ പശ്ചാത്തലത്തിൽ  ജില്ലാഭരണകൂടം അന്യായമായി തടഞ്ഞുവെയ്ക്കുന്നത് ചോദ്യം ചെയ്ത് പെൺകുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കും.

കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമാകില്ലെന്ന് ജഡ്ജിമാരായ പ്രകാശ് പാഡിയ, പ്രിതിങ്കര്‍ ദിവാകര്‍ എന്നിവര്‍ പറഞ്ഞു. എന്നാൽ കുടുംബത്തിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാത്മീകി സംഘടനയോട് കോടതി പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞു വെച്ചിരിക്കുകയാണെന്നും അവരെ സ്വതന്ത്രമായി ആളുകളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പൂട്ടിയിട്ട് അവരുടെ അനുവാദം പോലുമില്ലാതെയാണ് ഉത്തര്‍പ്രദേശ് പൊലീസ് മൃതദേഹം സംസ്‌കരിച്ചതെന്നും ഹർജിയില്‍ പറയുന്നു.

Read more

അതേസമയം  ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകന്‍ സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് നടപടി ചോദ്യം ചെയ്ത് കെയുഡബ്ല്യുജെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്ച സമർപ്പിക്കും. സിദ്ധീഖിന്‍റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാവുകയാണ്. എംപിമാരായ ബെന്നി ബഹനാൻ, ബിനോയ് വിശ്വം, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.