'കുഴൽക്കിണറിൽ വീണ കുട്ടിയുടെ കൈകളുടെ ദൃശ്യം'; വിമർശനം ഏറ്റുവാങ്ങി മാധ്യമങ്ങൾ

വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്ത് വിൽസണെ, ഇന്ന് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ മൃതദേഹം കണ്ടെടുക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു. 82 മണിക്കൂർ നിർത്താതെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷവും സുജിത്തിനെ രക്ഷിക്കാനായില്ല.

Read more

അതേസമയം വെള്ളിയാഴ്ച വൈകുന്നേരം മുതൽ സുജിത്തിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്ത പല മാധ്യമങ്ങളും വിമർശനത്തിന് വിധേയരായിരിക്കുകയാണ്. കുഴൽക്കിണറിൽ കുടുങ്ങിപ്പോയ കുട്ടിയുടെ കൈകളുടെ, അസ്വസ്ഥത ഉളവാക്കുന്ന ചിത്രങ്ങൾ നിരവധി ചാനലുകൾ സംപ്രേഷണം ചെയ്തതിരുന്നു. ഇതാണ് മാധ്യമങ്ങൾക്ക് നേരെ വിമർശനം ഉയരാനുള്ള കാരണം. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തിന്റെ പരിധിക്ക് പുറത്തായിരിക്കണം മാധ്യമങ്ങൾ നിലയുറപ്പിക്കേണ്ടതെന്നും, ഉദ്യോഗസ്ഥർ ഓരോ മണിക്കൂറിലും മാധ്യമങ്ങളെ ഒരു നിശ്ചിത സ്ഥലത്ത് ചെന്ന് വിവരങ്ങൾ അറിയിക്കുന്നതായിരിക്കും അഭികാമ്യം എന്നുമാണ് മുതിർന്ന പത്രപ്രവർത്തകർ അഭിപ്രായപ്പെടുന്നത്.