രാജ്യത്ത് ഒമൈക്രോണ്‍ ബാധിതര്‍ കൂടുന്നു, 19 പുതിയ കേസുകള്‍

രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം കൂടുന്നു. പുതിയതായി രാജ്യത്ത് 19 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 174 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. 54 രോഗികളാണുള്ളത്. ഡല്‍ഹിയില്‍ പുതിയതായി 8 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകള്‍ 30 ആയി ഉയര്‍ന്നിട്ടുണ്ട്. കര്‍ണ്ണാടകയില്‍ പുതിയതായി അഞ്ചും, കേരളത്തില്‍ നാലും ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചട്ടുണ്ട്. 44 പേരില്‍ അതിവേഗമാണ് ഒമൈക്രോണ്‍ കണ്ടെത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ നിലവിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. വാക്‌സിനുകളുടെ ഒമൈക്രോണിനെ പ്രതിരോധിക്കാനുള്ള ശേഷിയെക്കുറിച്ചുള്ള പഠനങ്ങളും നടന്നു വരികയാണ്. പരിശോധനയ്ക്ക് വേണ്ട ലാബുകളും ടെസ്റ്റിങ് സംവിധാനങ്ങളും ട്രാക്കിങ്ങും എല്ലാം ഉറപ്പ് വരുത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1,38,34,78,181 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും വൈറസിനെതിരെ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നലെ രാജ്യസഭയില്‍ അറിയിച്ചിരുന്നു.