'യൂദാസിനെപോലെ ക്രൈസ്‌തവരെ ഒറ്റിക്കൊടുത്ത വിദ്വാൻ, ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നു'; ജോർജ് കുര്യനെ വിമർശിച്ച് ജോൺ ബ്രിട്ടാസ്

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. യൂദാസിനെ പോലെ 30 വെള്ളിക്കാശിന് ക്രൈസ്‌തവരെ ഒറ്റിക്കൊടുത്ത വിദ്വാനാണ് ജോർജ് കുര്യൻ എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. അയാളാണ് ഇദ്ദേഹമാണ് ഇപ്പോൾ ക്രൈസ്ത‌വർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നതെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. അതേസമയം വഖഫ് വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെയും ജോർജ് കുര്യനെതിരെയും ജോൺ ബ്രിട്ടാസ് വിമർശനം ഉന്നയിച്ചു.

വഖഫ് വിഷയത്തിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും സ്വീകരിച്ച നിലപാടിനെ ജോൺ ബ്രിട്ടാസ് രൂക്ഷമായി വിമർശിച്ചു. ബൈബിളിൽ ഒരുവാക്യമുണ്ട്, അവർ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ലെന്ന്. അതുപോലെയാണ് കേരളത്തിൽ നിന്നുള്ള എംപിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമെന്നും അവർ എന്താണ് പാർലമെൻ്റിൽ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു.

അതേസമയം കേരള നിയമസഭയിൽ പാസാക്കിയ പ്രമേയം അറബിക്കടലിൽ വലിച്ചെറിയുമെന്നുള്ള സുരേഷ് ഗോപിയുടെ പ്രസ്‌താവനയെയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. സുരേഷ് ഗോപി പറഞ്ഞത് പോലെയാണെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാസാക്കുന്ന പ്രമേയങ്ങൾ അറബിക്കടലിലോ ഗംഗയിലോ യമുനയിലോ എറിയുമോ? ഒരു മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല ഇതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

Read more