താജ്മഹല്‍ നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ല: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

താജ്മഹല്‍ നില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ . തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ സാകേത് ഗോഖലേക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സുപ്രധാന വിവരമുള്ളത്. താജ്മഹലിനകത്ത് വിഗ്രഹങ്ങള്‍ അടങ്ങിയ അടച്ചിട്ട മുറികളില്ലെന്നും മറുപടിയില്‍ വ്യക്തമാക്കി.

താജ്മഹലില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന ആരോപണവുമായി മുമ്പ് ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കായി താജ്മഹലിലെ അടച്ചിട്ട മുറികള്‍ രണ്ട് മാസം മുമ്പ് തുറന്നിരുന്നു.

അന്ന് മുറിക്കുള്ളില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബിജെപി നേതാവ് താജ്മഹലില്‍ വിഗ്രഹങ്ങളുണ്ടെന്ന് അവകാശപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്ന് പരാതിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളോടെയാണ് കോടതി ഹര്‍ജി തള്ളിയത്.