ടൈംസ് ഗ്രൂപ്പ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് 120 പേരെ; നടപടി കമ്പനി വിഭജനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡില്‍ നിന്ന് ജീവനക്കാര്‍ക്ക് കൂട്ട പിരിച്ചുവിടല്‍. മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാപനത്തില്‍ നിന്ന് മുന്നറിയിപ്പൊന്നും നല്‍കാതെ 120 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. നേരത്തെയും കമ്പനി ഇത്തരത്തില്‍ മുന്നറിയിപ്പുകള്‍ കൂടാതെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇത്തരത്തില്‍ 100 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഓഗസ്റ്റിലെ കൂട്ട പിരിച്ചുവിടലിന് ശേഷം ഇത്തരത്തില്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഡിസംബര്‍ മാസത്തിലും സമാന രീതിയില്‍ അഞ്ച് പേരെ പിരിച്ചുവിട്ടിരുന്നു. ഇക്കണോമിക് ടൈംസിന്റെ സഹ സ്ഥാപനമായ ഇടി സ്‌പോട്ട്‌ലൈറ്റില്‍ നിന്നാണ് അഞ്ച് പേരെ പിരിച്ചുവിട്ടത്.

ടീം ഹെഡിനെ പോലും അറിയിക്കാതെ ജീവനക്കാരോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്. ടീമിന്റെ പ്രവര്‍ത്തനം മോശമാണെന്നും ലാഭമില്ലെന്നും അതുകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്നുമാണ് അറിയിച്ചത്. ആറ് മാസം മുന്‍പ് ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ സമീര്‍ ജെയ്‌നും വിനീത് ജെയ്‌നും കമ്പനി വിഭജിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടപടിയെന്നാണ് വിവരം.

Read more

അതേ സമയം ടൈംസ് ഗ്രൂപ്പ് സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടൈംസ് ഗ്രൂപ്പ് വിഭജിച്ചപ്പോള്‍ സമീര്‍ ജെയ്നിന് ടൈംസ് ഗ്രൂപ്പിന്റെ പ്രിന്റ്-ഓണ്‍ലൈന്‍ വിഭാഗങ്ങളും വിനീത് ജെയ്നിന് ബ്രോഡ്കാസ്റ്റ് റേഡിയോ വിഭാഗങ്ങളുമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ നിന്നാണ്. എന്നാല്‍ ടൈംസ് ഇന്റര്‍നെറ്റില്‍ ജീവനക്കാരുടെ എണ്ണം പകുതിയാകുന്നതുവരെ പിരിച്ചുവിടല്‍ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.