'അനധികൃത നിര്‍മാണം പൊളിക്കാന്‍ യോഗി ആദിത്യനാഥില്‍ നിന്ന് ബുള്‍ഡോസര്‍ വാടകക്കെടുക്കൂ'; കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധം

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ ശക്തമായ നടപടി തുടരണമെന്നും ഇതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കുറച്ച് ബുള്‍ഡോസറുകള്‍ വാടകയ്ക്ക് തരുമോയെന്ന് ചോദിക്കാനും നിര്‍ദേശിച്ച കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗാംഗുലിയുടെ പരാമര്‍ശം വിവാദത്തില്‍.

കൊല്‍ക്കത്ത നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോര്‍പ്പറേഷന്‍ അഭിഭാഷകനോടായാണ് ജസ്റ്റിസ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. അനധികൃത നിര്‍മാണത്തിനിറങ്ങുന്ന ഗുണ്ടാസംഘങ്ങളോട് ഒരു ദാക്ഷിണ്യവും പാടില്ലെന്നും ഇക്കാര്യത്തില്‍ കോര്‍പ്പറേഷനും കൊല്‍ക്കത്ത പോലീസും സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണെന്നും ജസ്റ്റിസ് ഗാംഗുലി പറഞ്ഞിരുന്നു.

എന്നാല്‍ യോഗിയെ ചേര്‍ത്തുള്ള ഉപമയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ രംഗത്തെത്തി. ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ ലക്ഷ്യം പ്രശസ്തിയാണ്. സിപിഎമ്മിന് ഇപ്പോള്‍ സംസ്ഥാനത്ത് വലിയ റോളില്ല. അവര്‍ മത്സര രംഗത്തേയില്ല. അതുകൊണ്ടാണ് അദ്ദേഹം ബിജെപിക്ക് വേണ്ടി സംസാരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു. ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ഒരു തൃണമൂല്‍ വിരുദ്ധനാണെന്നും അദേഹം ആരോപിച്ചു.

ജഡ്ജി അഭിജിത് ഗംഗോപാധ്യായ പിന്തുണച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പല നിയമവിരുദ്ധമായ കാര്യങ്ങളും നടക്കുന്നുണ്ട്. ഒന്നും നേര്‍വഴിയിലല്ല പോകുന്നത്. ഭരണകക്ഷിയാണ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്നിലെന്നും അദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്റെയും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും അന്ത്യം അടുത്തിരിക്കുന്നു എന്നു വേണം മനസിലാക്കാനെന്നും അദേഹം പറഞ്ഞു.

Read more

കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്ന് ബുള്‍ഡോസര്‍ വാടകക്ക് എടുക്കൂവെന്ന പരാമര്‍ശം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി നിയമവൃത്തങ്ങള്‍ രംഗത്തെത്തി. ജഡ്ജിയുടെ പരാമര്‍ശം തമാശയായി എടുത്താല്‍ മതിയെന്നും കോടതി രേഖകളില്‍ ചേര്‍ക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.