ജമ്മു കശ്മീരില്‍ ടെലിവിഷന്‍ താരവും ഗായികയുമായിരുന്ന അമ്രീന്‍ ഭട്ട് (35) ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിലാണ് ബുധനാഴ്ച യുവതിക്കും പത്ത് വയസുളള അനന്തരവനും നേരെ ആക്രമണമുണ്ടായത്. കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അമ്രീന്‍ ഭട്ടിന്റെ വീട്ടില്‍ വെച്ചാണ് ഇരുവര്‍ക്കും നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അനന്തരവന്റെ കൈയ്യിലാണ് വെടിയേറ്റത്.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പ്രദേശം വളഞ്ഞ് ഭീകരര്‍ക്ക് വേണ്ടിയുളള അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിനിടെ കശ്മീരിലെ രണ്ടാമത്തെ സംഭവമാണ് ഇത്.
Read more
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ അഞ്ചര്‍ മേഖലയിലെ സൗറയില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ സയ്ഫുള്ള ഖാദ്രിയെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഇയാളുടെ ഒമ്പത് വയസ്സുള്ള മകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഈ മാസം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.