മാതാപിതാക്കളുടെ അപേക്ഷ; ജമ്മുകശ്മീരിൽ ഭീകരർ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങി

മതാപിതാക്കളുടെ അപേക്ഷയെ തുടർന്ന് പോലീസിനുമുന്നിൽ കീഴടങ്ങി ഭീകരർ. ജമ്മുകശ്മീരിലെ കുൽഗാമിലെ ഹഡിഗാമിലാണ് സംഭവം. ലഷ്കറെ തൊയിബയിൽ അംഗങ്ങളായ രണ്ടുയുവാക്കളാണ് പോലീസുമായി ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് ഇരുവരുടെയും മാതാപിതാക്കൾ സ്ഥലത്തെത്തുകയും പോലീസിനുമുന്നിൽ കീഴടങ്ങണമെന്ന് അപേക്ഷിക്കുകയുമായിരുന്നു.

തുടർന്ന് മനസ്സുമാറിയ ഭീകരർ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങുകയായിരുന്നുവെന്ന് കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു.പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്ത് വെടിവെയ്പ്പ് ആരംഭിച്ചത്.

സുരക്ഷാസേന പ്രദേശം വളഞ്ഞതിനെ തുടർന്ന് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി കശ്മീരിലുടനീളം ഭീകരരും സുരക്ഷാ സേനയും തമ്മിൽ തുടർച്ചയായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. നിരവധി ഭീകരരെയും അവരുടെ കമാൻഡർമാരെയും സെെന്യം ഇല്ലാതാക്കിയിരുന്നു.

Read more

ഏറ്റുമുട്ടലിനിടെ യുവാക്കൾക്ക് കീഴടങ്ങാൻ അവസരം നൽകിയതിന് സുരക്ഷാസേനയെയും ഭീകരരുടെ കുടുംബങ്ങളെയും പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി അഭിനന്ദിച്ചു.