ഔറംഗസേബിനെ ആരും മഹത്വവത്കരിക്കുന്നില്ല; ശവകുടീരം പൊളിക്കാന്‍ നാടകം നടത്തേണ്ട; മഹാരാഷ്ട്ര ശിവജി മഹാരാജിനെ മാത്രമേ പ്രശംസിക്കൂവെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ ആരും മുഗള്‍ചക്രവര്‍ത്തിയായ ഔറംഗസേബിനെ മഹത്വവത്കരിക്കുന്നില്ലന്നും ഇവിടെ ശിവജി മഹാരാജിനെ മാത്രമേ പ്രശംസിക്കൂവെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മുഗള്‍ചക്രവര്‍ത്തിയായ ഔറംഗസേബാണ് ബിജെപിയുടെ പുതിയ ശിവജിയെന്നും അദേഹം പരിഹസിച്ചു. ശിവജി മഹാരാജും സാംഭാജി മഹാരാജും ഒരിക്കലും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയോ ബിജെപിയുടെയോ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകങ്ങളായിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

ബിജെപി ഇപ്പോള്‍’ജയ് ശിവാജി’ എന്നും ‘ജയ് സാംഭാജി’ എന്നും പറയുന്നു. അതിനാല്‍, ഔറംഗസേബ് ബിജെപിയുടെ പുതിയ ശിവജിയാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
ബാബറിയെപ്പോലെ ഔറംഗസേബിന്റെ ശവകുടീരവും നശിപ്പിക്കപ്പെടുമെന്ന് ഈ ആളുകള്‍ പറയുന്നു. ഇതൊരു സാധാരണ നാടകംമാത്രമാണ്. ഔറംഗസേബിന്റെ ശവകുടീരം നീക്കംചെയ്യാന്‍ ഈ നാടകംനടത്തേണ്ട ആവശ്യമില്ല.

ഔറംഗസേബ് ഒരിക്കലും എഴുന്നേറ്റ് പുറത്തുവരില്ല. നിലവില്‍ കേന്ദ്ര സുരക്ഷാസേനയാണ് ശവകുടീരം സംരക്ഷിക്കുന്നത്. ഈ ശവകുടീരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ഡല്‍ഹി ഭരിക്കുന്നത് അവരുടെ പാര്‍ട്ടിയായതിനാല്‍, കേന്ദ്രം ഉടന്‍തന്നെ ഈ സുരക്ഷ നീക്കംചെയ്യുകയും ശവകുടീരത്തിന് നല്‍കിയ സംരക്ഷിതസ്മാരകത്തിന്റെ പദവി പിന്‍വലിക്കുകയും വേണം. അങ്ങനെ ഈ ഭൂമി സ്വതന്ത്രമാകുകയും സംഘര്‍ഷസാധ്യത അവസാനിക്കുകയുംചെയ്യും. ഇവിടെ കര്‍സേവയുടെ ആവശ്യവും ഉണ്ടാകില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം, ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. ഹിന്ദുത്വ സംഘടനകള്‍ മുഗള്‍ചക്രവര്‍ത്തിയുടെ ശവകുടീരംപൊളിക്കാനായി ഇറങ്ങിയപ്പോഴാണ് അദേഹം നിലപാട് വ്യക്തമാക്കിയത്.

ഔറംഗസീബിന്റെ ശവകുടീരം ഒരു പ്രഖ്യാപിത സംരക്ഷിത സ്ഥലമായി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതിന്റെ സംരക്ഷണം ചരിത്രപരമായ ഒരു രേഖയുടെ സംരക്ഷണംമാത്രമാണ്.
അതിന്റെ പേരില്‍, അദ്ദേഹത്തിന്റെ പൈതൃകത്തെ മഹത്വപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും ഫഡ്നവിസിസ് പറഞ്ഞു.

ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും നിയമപരമായി ബാധ്യത പാലിക്കേണ്ടതുണ്ട്.

Read more

ഛത്രപതി ശിവജി മഹാരാജിന്റെ ക്ഷേത്രം മാത്രമേ ആരാധന അര്‍ഹിക്കുന്നുള്ളൂവെന്നും ഔറംഗസേബിന്റെ ശവകുടീരം അത് അര്‍ഹിക്കുന്നില്ലെന്നും ഫഡ്‌നവിസ് പറഞ്ഞു. ഖുല്‍ദാബാദിലെ ഔറംഗസീബിന്റെ ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് കഴിഞ്ഞ ദിവസം തെരുവില്‍ ഇറങ്ങിരുന്നു.