ഹത്രാസ്; സർക്കാരിന് എതിരെ കള്ളം പറയാൻ പെൺകുട്ടിയുടെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ ചിലർ വാഗ്ദാനം ചെയ്തുവെന്ന് പൊലീസ്

ഹത്രാസ് കേസിൽ ഉത്തർപ്രദേശ് പൊലീസ് സമർപ്പിച്ച 19 എഫ്‌ഐ‌ആറുകളിൽ ചിലതിൽ അജ്ഞാതരായ ആളുകൾ ഉപജാപവും ഗൂഡാലോചനയും നടത്തിയതായി ആരോപിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ നുണ പറയാൻ നാല് പുരുഷന്മാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് ചിലർ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും പൊലീസ് എഫ്‌ഐ‌ആറിൽ ആരോപിക്കുന്നു.

ഹത്രാസ് കേസിൽ ഒരു സബ് ഇൻസ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ആറ് എഫ്‌ഐ‌ആറുകളിൽ ഒന്നിലാണ് സർക്കാരിനെതിരെ അസത്യങ്ങൾ പറയാൻ പെൺകുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ചിലർ വാഗ്ദാനം ചെയ്തുവെന്ന് ആരോപിക്കുന്നത്. ഇവർ ആരാണെന്ന് എഫ്‌ഐ‌ആറിൽ വ്യക്തമാക്കുന്നില്ല.

ഉത്തർപ്രദേശിൽ ജാതി സംഘർഷം ഇളക്കിവിടാൻ ചിലർ ശ്രമിച്ചതായും എഫ്‌ഐ‌ആറിൽ ആരോപിക്കുന്നുണ്ടെന്ന് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

യു.പി സർക്കാരിൽ തൃപ്തരല്ലെന്ന് മാതാപിതാക്കൾ പറയുന്നതായുള്ള അഭിമുഖം രേഖപ്പെടുത്താൻ പെൺകുട്ടിയുടെ സഹോദരനെ അജ്ഞാതനായ ഒരു മാധ്യമ പ്രവർത്തകൻ പ്രേരിപ്പിച്ചതായും എഫ്‌ഐ‌ആറിൽ പറയുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെറ്റായ പ്രസ്താവനകൾ നടത്തിയെന്നും സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഇത് സോഷ്യൽ മീഡിയയിൽ വൈറലാക്കിയതായും യു.പി പോലീസ് എഫ്‌ഐ‌ആറിൽ പറയുന്നു.

സംസ്ഥാനത്തൊട്ടാകെ കേസുമായി ബന്ധപ്പെട്ട് 19 എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തില്‍ കൊല്ലപ്പെട്ട കേസ് കൈകാര്യം ചെയ്ത രീതിയിൽ വിമർശനങ്ങൾ നേരിടുന്ന പൊലീസ്,  സംസ്ഥാനത്ത് സമാധാനം തകർക്കാൻ ചിലർ ശ്രമിച്ചുവെന്ന് ഈ എഫ്‌ഐ‌ആറുകളിൽ ആരോപിച്ചു.

Read more

തന്റെ സർക്കാരിന്റെ പുരോഗതിയിൽ അസ്വസ്ഥരായവർ ഹത്രാസ് സംഭവം ചൂഷണം ചെയ്യുകയാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടതിനെ തുടർന്നാണ് കേസുകൾ ഫയൽ ചെയ്തത്.