'കൊളംബിയൻ പ്രസിഡന്റിന്റെ ധൈര്യം പോലും മോദിക്കില്ലേ?'; യുഎസ് മിലിട്ടറി വിമാനവും വന്നിറങ്ങിയവരുടെ പ്രതികരണവും വിമർശിക്കപ്പെടുമ്പോൾ, മിണ്ടാതെ കേന്ദ്രസർക്കാർ

’40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോൾ മാത്രം ടോയ്‌ലെറ്റിൽ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാർ വാതിൽ തുറന്ന് കാത്തിരിക്കും..’ അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അതിക്രൂരമായി ഇന്നലെ ഇന്ത്യയിലെത്തിച്ച 104 പേരിൽ ഒരാളായ പഞ്ചാബിലെ ഹോഷിയാർപൂരിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നുള്ള 40 കാരനയ ഹർവീന്ദർ സിംഗിന്റെ വാക്കുകളാണിത്.

‘നരകത്തേക്കാൾ മോശമായത്’ എന്നാണ് ഈ യാത്രയെ ഹർവീന്ദർ സിംഗ് വിശേഷിപ്പിച്ചത്. ’40 മണിക്കൂർ ശരിയായി ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഭക്ഷണം കഴിക്കാനായി കുറച്ച് മിനിറ്റുകൾ കൈ വിലങ്ങ് നീക്കം ചെയ്യാൻ സുരക്ഷാ ജീവനക്കാരോട് അഭ്യർത്ഥിച്ചെങ്കിലും അവർ കേട്ടില്ല. യാത്ര ശാരീരികമായി മാത്രമല്ല, മാനസികമായും ഞങ്ങളെ തളർത്തി…’ ഹർവീന്ദർ പറഞ്ഞതായി ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിലുണ്ടായിരുന്ന മറ്റൊരാൾ, തന്നെ ആദ്യം ഇറ്റലിയിലേക്കും പിന്നീട് ലാറ്റിനമേരിക്കയിലേക്കും കൊണ്ടുപോയതായി അവകാശപ്പെട്ടു. 30,000- 35,000 രൂപ വിലയുള്ള വസ്ത്രങ്ങൾ വഴിയിൽ മോഷണം പോയതായും അയാൾ പിടിഐയോട് പറഞ്ഞു. 40-45 കിലോമീറ്റർ നടന്നുവെന്നും 17-18 കുന്നുകൾ താണ്ടിയെന്നും അയാൾ പറയുന്നു. ഒരാൾക്ക് എന്തെങ്കിലും പറ്റിയാൽ രക്ഷപ്പെടാൻ ഒരു വഴിയുമില്ല. ആർക്കെങ്കിലും പരിക്കേറ്റാൽ അവർക്ക് മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. മൃതദേഹങ്ങൾ കണ്ടുവെന്നും അദ്ദേഹം പറയുന്നു.

യാത്രാവിമാനമല്ലാത്തതിനാൽ സൗകര്യങ്ങൾ കുറഞ്ഞ, ശരിയായ ഇരിപ്പിടങ്ങളോ മതിയായ ടോയ്‌ലറ്റുകളോ പോലുമില്ലാത്ത ഒരു വിമാനത്തിൽ യുദ്ധത്തടവുകാരെപ്പോലെ വന്നിറിങ്ങിയവരുടെ അവസ്ഥ അത്രയും ഭീകരമാണ്. വിമാനങ്ങൾ സാധാരണ ഗതിയിൽ ഏകദേശം ഇരുപത് മണിക്കൂർ എടുക്കുന്ന യാത്രക്ക് നാൽപത്തിയൊന്ന് മണിക്കൂർ എടുത്താണ് ഈ വിമാനം ഇന്ത്യയിലെത്തിയത്. ഫെബ്രുവരി നാലിന് ടെക്സസിലെ സാൻ അൻ്റോണിയോയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട യുഎസ് സൈനിക വിമാനം സി-17 ഗ്ലോബ്മാസ്റ്റർ – ഇന്നലെ പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനായി നാല് പിറ്റ് സ്റ്റോപ്പുകളിലാണ് നിർത്തിയത്.

അമൃത്സറിൽ ഇന്നലെ എത്തിയവരിൽ 33 പേർ വീതം ഹരിയാനയിൽ നിന്നും ഗുജറാത്തിൽ നിന്നും, 30 പേർ പഞ്ചാബിൽ നിന്നും, മൂന്ന് വീതം മഹാരാഷ്ട്ര, ഉത്തർപ്രദേശിൽ നിന്നും, രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുമുള്ളവരാണ്. അതേസമയം കുറ്റവാളികളെ പോലെ ഇന്ത്യൻ പൗരന്മാരെ സൈനിക വിമാനത്തിൽ കൊണ്ടുവന്ന് അമൃത്സറിൽ ഇറക്കിവിട്ട അമേരിക്കൻ നടപടിയോട് ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. ട്രംപിന്റെ നടപടിയിൽ കേന്ദ്ര സർക്കാർ നോക്കുകുത്തികളായി മാറിയെന്ന് കോൺഗ്രസ് ആരോപിച്ചു.

അനധികൃത കുടിയേറ്റക്കാർക്കെതിരായ ട്രംപിൻ്റെ ശക്തമായ നടപടികളെ അപലപിച്ച് കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ നടത്തിയ ഇടപെടൽ പോലും നരേന്ദ്ര മോദിക്ക് നടത്താനിയില്ലേയെന്നും വിമർശനം ഉയരുന്നു. ഇന്ത്യയിലേക്ക് അയച്ച പോലെ കൊളംബിയയിലേക്കും അനധികൃത കുടിയേറ്റക്കാരെ നിറച്ച വിമാനം ഇറക്കാൻ ട്രംപ് തീരുമാനിച്ചെങ്കിലും പ്രസിഡൻ്റ് ഗുസ്താവോ പെട്രോ അതിന് വിസമ്മതിക്കുകയും നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാരെ കുറ്റവാളികളെപ്പോലെ പരിഗണിക്കാതെ സിവിലിയൻ വിമാനങ്ങളിൽ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അമേരിക്കൻ സൈനിക വിമാനത്തെ ഇന്ത്യയുടെ മണ്ണിൽ ഇറങ്ങാൻ അനുവദിച്ചതിലും, നാടുകടത്തപ്പെട്ട് രാജ്യത്ത് എത്തിയവരെ വിമാനത്താവളത്തിൽ നിന്ന് മധ്യമങ്ങളോടോ മറ്റുള്ളവരോടോ സംസാരിക്കാൻ പോലും അനുവദിക്കാതെ പോലീസ് വാഹനങ്ങളിൽ അതീവ രഹസ്യമായി അവരെ കൊണ്ട് പോയത്തിലും ഇവരുടെ ചിത്രങ്ങളൊന്നും പുറത്തുവിടാത്തതിലും സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാം പക്ഷേ അത് യാത്ര വിമാനങ്ങളിൽ അയക്കാമായിരുന്നുവെന്നാണ് കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെ പ്രതികരിച്ചത്. പഞ്ചാബ് എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ യുഎസ് സർക്കാരിൻ്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. അമേരിക്ക തിരച്ചയിച്ചവരെ വിമാനത്തിൽ കെട്ടിയിട്ടാണ് കൊണ്ടു വന്നെന്ന് കൂടുതൽ പേർ വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് എംപി മാണിക്കം ടാഗോർ പാർലമെൻറിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.

ഇത്രയും അപമാനകരമായ രീതിയിൽ ഇന്ത്യൻ കുടിയേറ്റക്കാരെ യുദ്ധ വിമാനത്തിൽ കൊണ്ടുവന്നിട്ടും പ്രതികരിക്കാൻ സർക്കാരോ പ്രധാനമന്ത്രിയോ തയാറായിട്ടില്ല. ഇന്ത്യക്കാരെ വിലങ്ങുവെച്ചാണ് കൊണ്ടുവന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ആദ്യം പുറത്തുവന്ന ചിത്രങ്ങള്‍ ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുതാണെന്ന് പിഐബി ന്യായീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത്‌സറില്‍ ഇറങ്ങിയവരുടെ ചിത്രങ്ങളും പ്രതികരണങ്ങളും വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് പ്രതികരണങ്ങൾ ഇല്ല. അതേസമയം ഈ മാസം 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ കാണാൻ അമേരിക്കയിലേക്ക് പോകുന്നു.