മാസ്ക് കാൽവിരലിൽ തൂക്കിയിട്ട് ഉത്തരാഖണ്ഡ് മന്ത്രി

കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിൽ വിദഗ്ധർ കർശനമായ മുൻകരുതലുകൾ ആവശ്യപ്പെടുന്ന സമയത്ത്, വലത് കാലിലെ തള്ളവിരലിൽ മാസ്ക് തൂക്കിയിട്ടുകൊണ്ട് യോഗത്തിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മന്ത്രി. ഇതിന്റെ ഫോട്ടോ വൈറലാകുകയും കാലിൽ മാസ്കിട്ട മന്ത്രി സ്വാമി യതീശ്വരാനന്ദിന്റെ ജാഗ്രതക്കുറവിനെതിരെ വിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിലെ സഹമന്ത്രി യതീശ്വരാനന്ദ് മാത്രമല്ല യോഗത്തിൽ പങ്കെടുത്ത മറ്റ് നാല് പേരും മുഖാവരണം ധരിക്കാതെയാണ് ഇരിക്കുന്നത്. ബിഷൻ സിംഗ് ചുഫാൽ, സുബോദ് ഉനിയാൽ എന്നിവരാണ് യോഗത്തിൽ ഉണ്ടായിരുന്നു മറ്റ് രണ്ട് മന്ത്രിമാർ.

“ഭരണകക്ഷി മന്ത്രിമാരുടെ ജാഗ്രതക്കുറവാണിത്. എന്നിട്ട് മാസ്ക് ധരിക്കാത്തതിന് അവർ പാവങ്ങളെ ശിക്ഷിക്കുന്നു,” കോൺഗ്രസ് വക്താവ് ഗരിമ ദസൗനി ട്വീറ്റ് ചെയ്തു.

ഏപ്രിൽ-മെയ് മാസങ്ങളിലെ കോവിഡ് രണ്ടാം തരംഗത്തിൽ ലക്ഷക്കണക്കിന് ആളുകൾ ദുരിതം അനുഭവിക്കുകയും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു, ഈ സാഹചര്യത്തിൽ മന്ത്രി ജനങ്ങൾക്ക് നൽകുന്ന തെറ്റായ സന്ദേശമാണ് ഇതെന്ന് ഗരിമ ദസൗനി കുറ്റപ്പടുത്തി.

Read more

രണ്ട് മാസം മുമ്പ് രാജ്യത്തുടനീളം വ്യാപിച്ച കോവിഡ് രണ്ടാം തരംഗത്തെ ലാഘവത്തോടെ കൈകാര്യം ചെയ്തതിന് ഉത്തരാഖണ്ഡ് സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.