വാൽപ്പാറ ഗവ. കോളജിൽ വിദ്യാർത്ഥിനികൾക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; രണ്ട് അസി. പ്രൊഫസർമാർ ഉൾപ്പെടെ നാല് ജീവനക്കാർ അറസ്റ്റിൽ

കോയമ്പത്തൂരിലെ വാൽപ്പാറ ഗവൺമെന്റ് കോളേജിൽ വിദ്യാർഥിനികൾക്ക് നേരെ കൂട്ട ലൈംഗികാതിക്രമം ഉണ്ടായതായി പരാതി. സംഭവത്തിൽ കോളേജിലെ രണ്ട് അസി. പ്രൊഫസർമാർ ഉൾപ്പെടെ നാല് ജീവനക്കാർ അറസ്റ്റിലായി. വാൽപ്പാറ ഓൾ വിമൻ പൊലീസാണ് അറസ്റ്റ് ചെയ്തത്

കോളേജിലെ അസി. പ്രൊഫസർമാരായ എസ്. സതീഷ്‌കുമാർ, എം. മുരളീരാജ്, ലാബ് ടെക്‌നീഷ്യൻ എ. അൻപരശ്, സ്‌കിൽ കോഴ്സ് ട്രെയിനർ എൻ രാജപാണ്ടി എന്നിവരാണ് അറസ്റ്റിലായത്. കോളേജിലെ ആറ് വിദ്യാർഥിനികൾക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നാല് ജീവനക്കാരെ പോലീസ് പിടികൂടിയത്.

പ്രതികളിൽ നിന്ന് പലരീതിയിലുള്ള അതിക്രമങ്ങൾ നേരിട്ടതായി വിദ്യാർഥിനികൾ സംസ്ഥാന വനിതാ കമ്മീഷനാണ് ആദ്യം പരാതി നൽകിയത്. പിന്നാലെ ജില്ലാ സാമൂഹികക്ഷേമ ഓഫീസർ ആർ. അംബികയും കോളേജിയേറ്റ് എജ്യൂക്കേഷൻ റീജണൽ ജോ. ഡയറക്‌ടർ വി. കലൈസെൽവിയും വെള്ളിയാഴ്ച കോളേജിൽ നേരിട്ടെത്തി അന്വേഷണം നടത്തി. ഇരുവരുടെയും മുന്നിൽ വിദ്യാർഥിനികൾ പരാതി ആവർത്തിച്ചു. ഇതോടെ പരാതി പോലീസിന് കൈമാറുകയും പ്രതികളായ നാലുപേരെയും ശനിയാഴ്‌ച അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോളേജിലെ വിദ്യാർഥിനികൾക്ക് വാട്‌സാപ്പ് വഴി അശ്ലീലസന്ദേശങ്ങൾ അയക്കുന്നത് പതിവാണെന്നാണ് പ്രതികൾക്കെതിരായ പ്രധാന ആരോപണം. ക്ലാസ് സമയം കഴിഞ്ഞാലും പ്രതികൾ വിദ്യാർഥിനികളോട് ലാബിൽ നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയുംചെയ്‌തു. ക്ലാസ് സമയത്തും ലാബിലുംവെച്ച് ശരീരത്തിൽ മോശമായരീതിയിൽ സ്‌പർശിച്ചെന്നും വിദ്യാർഥിനികളുടെ പരാതിയിൽ ആരോപിച്ചിരുന്നു. അറസ്റ്റിലായ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.