ഹത്രാസ് കൂട്ടബലാത്സംഗ- കൊലപാതക കേസിൽ ന്യായമായ വിചാരണയ്ക്ക് മുമ്പ് പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിക്കരുത് എന്നതുകൊണ്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്താൻ ആർക്കും അനുവാദമില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കി.
ഇരയ്ക്ക് മാന്യമായ ശവസംസ്കാരത്തിന് അർഹതയുണ്ടായിരുന്നു എന്ന് ഹൈക്കോടതി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ തിടുക്കത്തിൽ രാത്രി രണ്ട് മണിക്ക് ഉത്തർപ്രദേശ് പൊലീസ് സംസ്കരിച്ചത് വലിയ വിവാദമായിരുന്നു. സംസ്കാരം ഉൾപ്പെടെയുള്ള വിഷയത്തിൽ പൊലീസിന്റെ പങ്ക് കോടതി പരിശോധിക്കുന്നുണ്ട്.
ക്രൂരമായ പീഡനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായി കഴിഞ്ഞ മാസം കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുബത്തിന്റെയും സർക്കാരിന്റെയും വാദങ്ങൾ കേൾക്കുകയാണ് കേസ് സ്വമേധയാ സ്വീകരിച്ച ഹൈക്കോടതി.
നാല് ഉയർന്ന ജാതിക്കാരായ പുരുഷന്മാരാണ് കേസിലെ പ്രതികൾ എന്നതിനാൽ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്തുന്നതിലും പ്രതികളെ പ്രതിരോധിക്കുന്നതിലും സമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകൾ മുഴുകിയിരിക്കുന്ന സാഹചര്യമാണ് ഉള്ളത്.
Read more
കഴിഞ്ഞ ആഴ്‌ച പ്രതികളെ പിന്തുണച്ചുകൊണ്ട് നിരവധി യോഗങ്ങൾ പ്രദേശത്ത് നടന്നിരുന്നു. പ്രതികളായ പുരുഷന്മാരിൽ ഒരാൾ പെൺകുട്ടിയുമായി ബന്ധത്തിലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. പെൺകുട്ടിയുടെ കുടുംബമാണ് മരണത്തിന് ഉത്തരവാദി എന്നും നടന്നത് ദുരഭിമാന കൊലപാതകം ആണെന്നും ചിലർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പെൺകുട്ടിക്കെതിരെ ദുഷ്പ്രചാരണം നടത്തരുതെന്ന് ഹൈക്കോടതി കർശനമായി പറഞ്ഞത്.