വിജയിയെപോലൊരു നേതാവിനെ തമിഴ്‌നാട് കാത്തിരിക്കുന്നു; നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കും; മുഖ്യമന്ത്രിയാകും; വെളിപ്പെടുത്തലുമായി പ്രശാന്ത് കിഷോര്‍

നടന്‍ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കുമെന്ന് തിരഞ്ഞെടുപ്പുതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പാര്‍ട്ടിക്ക് നല്ല ജയസാധ്യതയുണ്ട്. വിജയിയുടെ ആരാധകരുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കുമെന്നും അദേഹം പറഞ്ഞു.

തമിഴ്‌നാട് രാഷ്ട്രീയം വിജയ്യെപ്പോലൊരു നേതാവിനെ കാത്തിരിക്കുകയയാണ്. ഡിഎംകെയെ വിമര്‍ശിക്കുന്നതുപോലെ വിജയ് ബിജെപിയെ വിമര്‍ശിക്കാത്തത് തമിഴ്‌നാട്ടില്‍ അവര്‍ക്ക് വലിയ ശക്തിയില്ലാത്തതുകൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

മുഖ്യപ്രതിപക്ഷകക്ഷിയായ അണ്ണാ ഡിഎംകെയുമായി സഖ്യം വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. അത് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. വരുംമാസങ്ങളില്‍ കൂടുതല്‍സമയം രാഷ്ട്രീയത്തിനായി മാറ്റിവെക്കുകയും സംഘടനാചട്ടക്കൂട് ശക്തിപ്പെടുത്തുകയും ചെയ്താല്‍ വിജയ്ക്ക് ജയിക്കാനാകുമെന്നും മുഖ്യമന്ത്രി പദത്തിലെത്താനാവുമെന്നുമാണ് തന്റെ കണക്കുകൂട്ടലെന്ന് അദേഹം വ്യക്തമാക്കി.

ഭരണകക്ഷിയായ ഡിഎംകെ. കടുത്ത ഭരണവിരുദ്ധവികാരം നേരിടുകയാണെന്നും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ ഭീതിയിളക്കിവിടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം 20 ശതമാനം വരെ വോട്ടു പിടിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വോട്ടു ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിജയ് അടക്കമുള്ള ടിവികെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അദേഹം വ്യക്തമാക്കിയത്. ഇതു സീറ്റുകളായി മാറുമോയെന്നും നിര്‍ണായക ശക്തിയായി മാറുമെന്ന ഉറപ്പോ അദേഹം നല്‍കിയിട്ടില്ല.

എന്നാല്‍, വിജയിയുടെ മോഹങ്ങള്‍ തമിഴ്‌നാട്ടില്‍ പൂവണിയില്ലെന്നും, ആദ്യ തിരഞ്ഞെടുപ്പില്‍ 10 ശതമാനത്തില്‍ കൂടുതല്‍ വോട്ടുനേടുക എളുപ്പമായിരിക്കില്ലെന്നാണ് മറ്റ് രാഷ്ട്രീയ നിരീക്ഷകരുടെ പറയുന്നത്. 2005-ല്‍ വിജയകാന്ത് രൂപവത്കരിച്ച ഡിഎംഡികെ. അതിന് അടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ എട്ട് ശതമാനം വോട്ടാണ് നേടിയത്. എന്നാല്‍, വിജയ് ഇതിന്റെ ഇരട്ടി വോട്ട് നേടുമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്.

അതേസമയം, നടന്‍ വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രണ്ട് കമാന്‍ഡോമാര്‍ ഉള്‍പ്പെടെ 11 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതലയുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. വിജയ്യുടെ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കുന്നത്.

Read more

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഈ സുരക്ഷാ ക്രമീകരണത്തിനായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളില്‍ 8 മുതല്‍ 11 വരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയും സായുധ ഗാര്‍ഡുകളുടെയും ഒരു സംഘം വിജയ്ക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പാക്കുന്നു. അതിനിടെ വിജയുടെ ചെന്നൈയില്‍ നടക്കാനിരിക്കുന്ന റോഡ്‌ഷോയില്‍ അദ്ദേഹത്തെ തല്ലണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ചിലര്‍ അടുത്തിടെ എക്സില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നുവെന്നും തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.