കുംഭമേള സന്ദർശിക്കുകയോ സ്‌നാനം ചെയ്യുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയേയും ഹിന്ദു വോട്ടർമാർ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കുംഭമേളയിൽ പങ്കെടുക്കാത്ത രാഹുൽ ഗാന്ധിയും ഉദ്ധവ് താക്കറെയും ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചെന്ന് രാംദാസ് അത്താവാലെ പറഞ്ഞു.
ഹിന്ദുവിനെക്കുറിച്ച് സദാ വാചാലനാകുന്ന ഉദ്ധവ് താക്കറെ കുംഭമേളയിൽ പങ്കെടുത്തില്ലെന്ന കാര്യം എല്ലാവരും ഓർമിക്കേണ്ടതാണെന്നും രാംദാസ് കൂട്ടിച്ചേർത്തു. ഹിന്ദു ഉത്സവത്തിൽ പങ്കെടുക്കാതിരിക്കുകയും ഹിന്ദു വോട്ടുകൾ ആവശ്യപ്പെടുകയും ചെയ്യുന്ന ഇവരുടെയെല്ലാം മനോഭാവം എല്ലാവരും അറിഞ്ഞിരിക്കണം.
നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന മഹാകുംഭമേളയിൽ നെഹ്‌റു കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ലെന്ന് ഓർക്കണമെന്ന് രാംദാസ് പറഞ്ഞു. ഇത് ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ജനങ്ങളുടെ വികാരം മാനിച്ചെങ്കിലും ഇവർക്ക് പ്രയാഗ്രാജിലെത്താമായിരുന്നെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Read more
144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള സമാപിച്ചു. ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തി എന്ന് യുപി മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നും യുപി സർക്കാരിന്റെ കണക്ക്. ജനുവരി 13ന് പൗഷ് പൗർണിമ സ്‌നാനത്തോടെയാണ് മേള തുടങ്ങിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കേന്ദ്രമന്ത്രിമാർ, രാജ്യാന്തര വ്യവസായികൾ തുടങ്ങി നിരവധി പ്രമുഖർ കുംഭമേളയ്ക്ക് എത്തിയിരുന്നു.