'വഖഫ് ബില്ല് ഭരണഘടന വിരുദ്ധം, പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും'; രാഹുൽ ഗാന്ധി

വഖഫ് ബില്ല് ഭരണഘടന വിരുദ്ധമെന്ന് പാർലമെന്റ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം വഖഫ് നിയമ ഭേദഗതി ബില്‍ അവതരണത്തിനിടെ ഭരണപക്ഷത്ത് നിന്നും എത്ര പ്രകോപനം ഉണ്ടായാലും സഭവിടരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിര്‍ദേശം.

ചര്‍ച്ചയില്‍ പൂര്‍ണമായി പങ്കെടുത്തതിന് ശേഷം എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി. എന്തു പ്രകോപനമുണ്ടായാലും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയോ മാറിനില്‍ക്കുകയോ ചെയ്യില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നിന്ന് ബില്ലിനെ പരാജയപ്പെടുത്തണം എന്ന് ഖര്‍ഗെ പറഞ്ഞു.

കേരളത്തില്‍ കത്തോലിക്ക സഭ ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ തള്ളി എല്ലാ കോണ്‍ഗ്രസ് എംപിമാരും ബില്ലിനെ എതിര്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബില്ലുമായി ബന്ധപ്പെട്ട് എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. ബുധന്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും പാര്‍ട്ടിയുടെ എല്ലാ എംപിമാരും ഹാജരായിരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

Read more