മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ല; കേരളത്തിലെ വഖഫ് ഭൂമി വിഷയം കേന്ദ്രം ഗൗരവത്തോടെ കാണുന്നുണ്ട്; സമരക്കാര്‍ക്ക് ഉറപ്പുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

വഖഫ് ഭൂമി പ്രശ്‌നത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കേരളത്തില്‍ നടക്കുന്ന വിഷയത്തെ കേന്ദ്രം വളരെ ഗൗരവത്തോടെ കാണുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജും നല്‍കിയ നിവേദനത്തില്‍ മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.

നീതി ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വിഭാഗത്തിനെതിരെയുള്ള നീക്കമല്ല ഇതെന്നും അദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. മുനമ്പത്തിന് നീതി കിട്ടിയിരിക്കും. വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാകുമെന്നും റിജിജു പറഞ്ഞു.

അതേസമയം, മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്നും ഭൂമിപ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മുനമ്പം ഭൂമിപ്രശ്നത്തക്കുറിച്ച് സംസാരിക്കാനെത്തിയ സമരസമിതിക്കും സഭാനേതൃത്വത്തിനുമാണ് മുഖ്യമന്ത്രി ഈ ഉറപ്പുനല്‍കിയത്. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

Read more

കോട്ടപ്പുറം ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തിലാണ് മുനമ്പം സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. മുനമ്പം വിഷയത്തില്‍ ശാശ്വതപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.