ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ 13 മാസത്തിനിടെ ഒന്‍പത് സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ ആറ് കൊലപാതകങ്ങളിൽ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ അറസ്റ്റിലായ കുൽദീപ് കുമാർ ഗംഗ് വാർ(38) ആണ് ഇതിൽ ആറുപേരെ കൊലപ്പെടുത്തിയത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപ്പെടുത്തിയ സ്ത്രീകളെയൊന്നും കുൽദീപ് ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇരകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലൊന്നും ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയിരുന്നില്ല. അതേസമയം, കൊലപ്പെടുത്തിയ സ്ത്രീകളുടെ തിരിച്ചറിയൽ രേഖകൾ, ഇവർ തൊട്ടിരുന്ന പൊട്ട്, ഇവരുടെ കൈവശമുണ്ടായിരുന്ന ലിപ്സ്റ്റിക് തുടങ്ങിയവ പ്രതി സൂക്ഷിച്ചുവെച്ചിരുന്നു. തനിക്ക് ലഭിച്ച ട്രോഫികളെപ്പോലെയാണ് ഇയാൾ ഇതെല്ലാം വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന സ്ത്രീകളും വനത്തിലോ പാടത്തോ ഒറ്റയ്ക്ക് പണിയെടുത്തിരുന്ന സ്ത്രീകളെയും പ്രദേശത്ത് നിന്ന് കാണാതാകുന്നത് പതിവായിരുന്നു. കാണാതാകുന്ന സ്ത്രീകളുടെ മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് നിന്ന് കണ്ടെത്തുന്നതും തുടര്‍ക്കഥയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പലപ്പോഴും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.
കൊല്ലപ്പെട്ടവരെല്ലാം 42നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. കൊലപാതകം തുടര്‍ക്കഥയായതോടെ ഉത്തര്‍പ്രദേശ് പൊലീസ് പ്രതിസന്ധിയിലായി. ഇതേ തുടര്‍ന്നാണ് യുപി പൊലീസ് കൊലപാതകിയെ കണ്ടെത്താന്‍ ഓപ്പറേഷന്‍ തലാശ് ആരംഭിച്ചത്. പിന്നാലെ പ്രതി പിടിയിലായി. കുല്‍ദീപ് കുമാര്‍ ഗാംഗ്‌വാര്‍ എന്ന 38കാരനാണ് കേസില്‍ പിടിയിലായത്. 2023 ജൂണിനും 2024 ജൂലൈയ്ക്കും ഇടയിലാണ് കൊലപാതകങ്ങള്‍ നടന്നത്. പിടിക്കപ്പെടുമ്പോള്‍ ഇയാളില്‍ നിന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു.
രണ്ടാനമ്മയോടുള്ള പകയും ഭാര്യ തന്നെ ഉപേക്ഷിച്ചതിലുള്ള വൈരാഗ്യവുമാണ് മധ്യവയസ്കരായ സ്ത്രീകളെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് പ്രതിയുടെ മൊഴി. കുൽദീപിൻ്റെ അമ്മ ജീവിച്ചിരിക്കെ തന്നെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. രണ്ടാനമ്മയുടെ ഉപദ്രവം കാരണം കുൽദീപിന് ചെറുപ്പകാലം മുതലേ സ്ത്രീകളോട് പകയായി. ഇതിനുശേഷം 2014-ൽ കുൽദീപ് വിവാഹിതനായെങ്കിലും ഗാർഹിക പീഡനത്തെത്തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയി. ഇതും സ്ത്രീകളോടുള്ള പകയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ട്.