നമ്മൾ ഹിന്ദുക്കളല്ല; ആദിവാസി സ്ത്രീകൾ സിന്ദൂരവും താലിയും ധരിക്കരുതെന്ന് അധ്യാപികയുടെ പ്രസംഗം, പിന്നാലെ സസ്പെൻഷൻ

നമ്മൾ ഹിന്ദുക്കളല്ലെന്നും ആദിവാസി സ്ത്രീകൾ താലിയും സിന്ദൂരവും ധരിക്കരുതെന്ന് പ്രസംഗിച്ച അധ്യാപികയ്ക്ക് സസ്‌പെൻഷൻ. രാജസ്ഥാനിലെ മനേക ദാമോർ എന്ന അധ്യാപികക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രതിച്ഛായ മോശമാക്കി എന്ന് വ്യക്തമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്‌ടറുടെ നടപടി.

ഇക്കഴിഞ്ഞ ജൂലായ് 19 ന് ബൻസ്വാരയിലെ മംഗാർ ധാമിൽ നടന്ന മെഗാ റാലിയിലായിരുന്നു അധ്യാപികയുടെ പ്രസംഗം. ആദിവാസി സ്ത്രീകൾ താലി ധരിക്കരുതെന്നും നമ്മൾ ഹിന്ദുക്കളല്ലെന്നും ആദിവാസി സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമായിരുന്നു അധ്യാപികയുടെ പ്രസംഗം. അതേസമയം ആദിവാസി സമൂഹത്തിലെ സ്ത്രീകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ അധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ നടപടി സ്വീകരിക്കുകയായിരുന്നു.

മേനക ദാമോർ ആദിവാസി പരിവാർ സൻസ്തയുടെ സ്ഥാപക കൂടിയാണ്. നിലവിൽ സാദയിലെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഇവർ ജോലി ചെയ്യുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗോത്രവർഗ വിഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ മെഗാ റാലിയിൽ പങ്കെടുത്തിരുന്നു. ഒരു ഭിൽ സംസ്ഥാനം സൃഷ്ടിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ പ്രമേയവും മെഗാ റാലിയിൽ പാസാക്കി.