പശ്ചിമഘട്ട സംരക്ഷണം: അന്തിമവിജ്ഞാപനം ആറുമാസത്തിനകമെന്ന് കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണത്തില്‍ അന്തിമ വിജ്ഞാപനം ആറുമാസത്തിനകമെന്ന് കേന്ദ്രസര്‍ക്കാര്‍. പരാതികള്‍ അവശേഷിക്കുന്നത് കേരളത്തിലും കര്‍ണാടകത്തിലുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കേരളത്തിലെ ക്രൈസ്തവസംഘടനകള്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിക്കുന്ന സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

അതേസമയം, ബഫര്‍ സോണില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം നേരത്തെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.

ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. വിധി നടപ്പാക്കുന്നത് സംസ്ഥാനത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കേരളം ഹര്‍ജിയില്‍ പറയുന്നത്.