'നിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ എഴുതിനല്‍കുമ്പോള്‍ ജീവന്‍ കൊടുത്ത് പോരാടിയവരാണ് അവര്‍'; സ്വാതന്ത്ര്യ സമരചരിത്രവും 'സംഘ' നിലപാടും ഓര്‍മ്മിപ്പിച്ച് ബിജെപിയെ കുത്തിനോവിച്ച കോണ്‍ഗ്രസിന്റെ ഗൗരവ് ഗോഗോയ്

വഖഫ് ചര്‍ച്ചയില്‍ ഇന്നലെ കോണ്‍ഗ്രസിന് വേണ്ടി ശക്തിയുക്തം ബില്ലിനെതിരെ പോരാടിയവരില്‍ പ്രധാനി ലോകസഭയിലെ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ്. സഭയില്‍ വഖഫ് ബില്ല് അവതരിപ്പിച്ചത് നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ നിന്നുള്ള ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണെന്നിരിക്കെ കോണ്‍ഗ്രസിന് വേണ്ടി വഖഫ് ബില്ലിനെതിരെ മുന്നണി പോരാളിയായത് നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് തന്നെയുള്ള പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗോഗോയിയും. സ്വാതന്ത്രസമര പോരാട്ട ചരിത്രവും ന്യൂനപക്ഷ സമുദായത്തിന്റെ പോരാട്ടവും ഓര്‍മ്മിപ്പിച്ച് ബിജെപിയുടെ പൂര്‍വ്വികരുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചതിയുടെ നിലപാടും ഓര്‍മ്മിപ്പിച്ചാണ് ഗൊഗോയ് ഇന്നലെ ചര്‍ച്ചയിലെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ബിജെപിയും അവരുടെ പൂര്‍വ്വികരും ബ്രിട്ടീഷുകാര്‍ക്ക് ദയാഹര്‍ജികള്‍ എഴുതി സ്വാതന്ത്ര്യ സമര പ്രസ്ഥാനം ബഹിഷ്‌കരിച്ചപ്പോള്‍, സ്വാതന്ത്ര്യത്തിനായി പോരാടുകയും മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യാ ആഹ്വാനത്തെ പിന്തുണയ്ക്കുകയും ചെയ്ത ഒരു സമൂഹത്തെ കളങ്കപ്പെടുത്താനാണ് ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.

ഏത് സമുദായത്തെയാണ് നിങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്, അവര്‍ നിങ്ങള്‍ ക്വിറ്റ് ഇന്ത്യ സമരത്തിനൊപ്പം നില്‍ക്കാതിരുന്നപ്പോള്‍ ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ രാജ്യത്തിന് വേണ്ടി ഒപ്പം നിന്ന് പോരാടിയവരാണ്. അവര്‍ ഇന്ത്യയുടെ സ്വാതന്ത്രസമര പോരാട്ടത്തില്‍ പങ്കെടുത്ത് മരിച്ചുവീണവരാണ്. 1857ല്‍ മംഗള്‍ പാണ്ഡേയ്ക്ക് ഒപ്പം നിന്ന് ജീവത്യാഗം ചെയ്ത ആ സമുദായത്തിലുള്ളവരെയാണ് നിങ്ങള്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. ദണ്ഡിയാത്രയില്‍ ഒപ്പം നിന്ന സമുദായമാണത്, 1926ല്‍ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിനെ തള്ളിക്കളഞ്ഞു പോരാടിയവരാണവര്‍. ആ സമുദായത്തിനെയാണ് നിങ്ങള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത്.

Read more

ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാനുമുള്ള ഒരു ‘4-D ആക്രമണം’ എന്നാണ് ഗൗരവ് ഗൊഗോയ് വഖഫ് ഭേദഗതി ബില്ലിനെ വിശേഷിപ്പിച്ചത്. ‘to Dilute the Constitution, Defame and Disenfranchise minorities, and Divide the Indian society.