എന്തു കൊണ്ട് വയനാട്; ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി

ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന വാര്‍ത്ത വന്നതു മുതല്‍ ബിജെപിയടക്കമുള്ള പ്രമുഖ പാര്‍ട്ടികള്‍ ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുമെന്നുള്ള നിരവധി മണ്ഡലങ്ങളുണ്ടെങ്കിലും എന്തു കൊണ്ട് രാഹുല്‍ വയനാട് തിരഞ്ഞെടുത്തു എന്നതായിരുന്നു ചോദ്യങ്ങളധികവും.

ഇതിന് മറുപടിയുമായി രാഹുല്‍ ഗാന്ധി തന്നെ രംഗത്ത് വന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്കൊപ്പവും താനുണ്ട് എന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഹിന്ദുക്കളെ ഭയമുള്ളതു കൊണ്ടാണെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന. ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിലൂടെ ഹിന്ദുക്കളെയാകെ രാഹുല്‍ അപമാനിച്ചു. സമാധാന പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന കോണ്‍ഗ്രസിന് ഹിന്ദുക്കളെ അപമാനിച്ചതിനുള്ള ശിക്ഷ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് ഹിന്ദു സമുദായത്തെ അപമാനിച്ചു. ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കും. ഭൂരിപക്ഷ സമുദായത്തിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുകയാണെന്നും മോദി പറഞ്ഞു. അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലേക്ക് ചില നേതാക്കള്‍ അഭയാര്‍ത്ഥികളെ പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.