'യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള എല്ലാ പിന്തുണയും നൽകും'; സെലൻസ്‌കിയെ വീണ്ടും കണ്ട് മോദി

യുക്രെയ്ൻ പ്രസി‍ഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ- യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനും സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു. മൂന്നുദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോർക്കിൽവച്ചാണ് സെലൻസ്‌കിയെ കണ്ടത്.

ഒരു മാസത്തിനുള്ളിൽ മോദിയും സെലൻസ്‌കിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനവേളയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു. 1992ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്‌നിൽ സന്ദർശനം നടത്തിയത്. യുക്രെയ്‌നിലേയും ഇന്ത്യയിലേയും ജനങ്ങളുടെ മുന്നേറ്റത്തിന് വേണ്ടി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് തീരുമാനിച്ചതായും ഇവർ അറിയിച്ചിരുന്നു.

ഓഗസ്റ്റിലെ യുക്രെയ്ൻ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനെടുത്ത തീരുമാനം നടപ്പിലാക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, യുക്രെയ്‌ൻ സംഘർഷം പരിഹരിച്ച് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പിന്തുണ ഊട്ടിയുറപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ പ്രതികരിച്ചു.

പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ക്വാഡ് സഖ്യരാജ്യങ്ങളിലെ നേതാക്കൾ തുടങ്ങിയവരുമായും പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനിടെ ചർച്ച നടത്തിയിരുന്നു.

Read more