അഞ്ച് ലക്ഷം ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ നടപടി അംഗീകരിക്കില്ല; വിധി രാഷട്രീയ പ്രേരിതം; ഹൈക്കോടതിയെ വെല്ലുവിളിച്ച് മമത, പിന്തുണച്ച് സിപിഎം

പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത അഞ്ച് ലക്ഷത്തിലധികം ഒബിസി (മറ്റ് പിന്നാക്ക വിഭാഗം) സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ നടപടി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. വിധി രാഷട്രീയ പ്രേരിതമാണെന്നും അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.

എന്നാല്‍, രംഗനാഥ് കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഒബിസി സംവരണ നയം അട്ടിമറിച്ചാണ് മമത സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ സംവരണ നിയമങ്ങള്‍ സാധൂകരിച്ചുകൊണ്ടുള്ള വിധിയാണ് ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

ഭരണഘടന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളാണ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയത്. 2011ല്‍ അധികാരത്തില്‍ വന്ന മമത ബാനര്‍ജി 2010 മുതല്‍ മുന്‍കാല പ്രബല്യത്തിലാണ് വിവിധ വിഭാഗങ്ങളില്‍ വേര്‍തിരിവ് സൃഷ്ടിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് കോടതി നിരീഷിച്ചിരുന്നു.

എന്നാല്‍, ആ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയവര്‍ക്ക് തുടരാന്‍ കോടതി അനുവാദം നല്‍കി. ഇനി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ജസ്റ്റിസുമാരായ തപബ്രതാ ചക്രവര്‍ത്തി, ജയ്‌ശേഖര്‍ മാന്‍താ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2012ല്‍ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.