പാർട്ടിയിലെ എതിരാളികളെ തകര്‍ക്കാന്‍ ദുര്‍മന്ത്രവാദം; കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

അഹമ്മദാബാദില്‍ പാര്‍ട്ടിയിലെ എതിരാളികളെ തകര്‍ക്കാനായി ദുര്‍മന്ത്രവാദിനിയെ സമീപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഹമ്മദാബാദ് ഡാനിലിംഡയിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ജമനാബെന്‍ വഗഡയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാര്‍ട്ടിയിലെ തന്റെ എതിരാളികളെ ഇല്ലാതാക്കണമെന്ന ആവശ്യവുമായി ജമനാബെന്‍ ദുര്‍മന്ത്രവാദിനിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ എതിരാളികളായ എം.എല്‍.എ. ശൈലേഷ് പര്‍മാര്‍, പ്രതിപക്ഷനേതാവ് ഷെഹസാദ് ഖാന്‍ പഠാന്‍ എന്നിവരെ ഇല്ലാതാക്കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെടുന്നതായിരുന്നു ശബ്ദ സന്ദേശം. ജമനാബെന്‍ മന്ത്രവാദിനിയോട് തന്നെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുത്തണമെന്നും പറയുന്നുണ്ട്.

Read more

ഈ ശബ്ദ രേഖയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലറെ താത്കാലികമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.