മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു യശ്വന്ത് സിൻഹ. 83 കാരനായ മുൻ മുതിർന്ന ബിജെപി നേതാവ് 2018 ൽ പാർട്ടി വിട്ടിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി നേതാക്കളും അണികളും തൃണമൂൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേരുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഈ സാഹചര്യത്തിൽ യശ്വന്ത് സിൻഹ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ ചേരുന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ വിജയമാണ്.
കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ ഉച്ചകഴിഞ്ഞ് ഡെറക് ഓ ബ്രയൻ, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. യശ്വന്ത് സിൻഹ തങ്ങളോടൊപ്പം ചേരുന്നതിൽ അഭിമാനമുണ്ടെന്ന് സുബ്രത മുഖർജി പറഞ്ഞു.
Read more
പാർട്ടിയിൽ ചേരുന്നതിന് മുമ്പ് യശ്വന്ത് സിൻഹ മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ വസതിയിൽ പോയി കണ്ടു. “രാജ്യം ഒരു വലിയ വഴിത്തിരിവിലായിരുന്നു. നമ്മൾ വിശ്വസിച്ച മൂല്യങ്ങൾ അപകടത്തിലാണ്. ജുഡീഷ്യറി ഉൾപ്പെടെ സ്ഥാപനങ്ങൾ ദുർബലമാവുകയാണ്, രാജ്യത്തുടനീളം ഗൗരവമേറിയ വലിയ പോരാട്ടം അനിവാര്യമാണ്. ഇത് ഒരു രാഷ്ട്രീയ പോരാട്ടം മാത്രമല്ല, ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്,” തൃണമൂൽ കോൺഗ്രസിൽ ചേർന്ന യശ്വന്ത് സിൻഹ പറഞ്ഞു.