കുംഭമേളയിലെ ജലത്തിലെ മനുഷ്യ വിസര്‍ജ്യം; ജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും യോഗ്യമെന്ന് യോഗി ആദിത്യ നാഥ്

പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലെ ജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും യോഗ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേളയിലെ നദീജലത്തില്‍ മനുഷ്യ വിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയുടെ ഉയര്‍ന്ന അളവ് കണ്ടെത്തിയതായി കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളിയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയിട്ടുള്ളത്. ഗംഗയിലെയും യമുനയിലെയും വിശുദ്ധസ്‌നാനത്തിന് അനുയോജ്യമാണ്. മതപരമായ സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാ?ഗമാണ് ഇത്തരത്തിലുള്ള പ്രചാരണം. നദീജലം ആചാരത്തിന്റെ ഭാഗമായി കുടിക്കാനും യോഗ്യമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശ് നിയമസഭയിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മേള ഏതെങ്കിലും പാര്‍ട്ടിയോ സര്‍ക്കാരോ സംഘടിപ്പിച്ചതല്ല. ഇത് സമൂഹത്തിന്റേതാണ്. തങ്ങള്‍ സഹായികള്‍ മാത്രമാണ്. ഉത്സവത്തിന് ഏഴ് ദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഈ നൂറ്റാണ്ടിലെ മഹത്തരമായ കുംഭമേള നടത്താന്‍ മോദി സര്‍ക്കാരിന് അവസരം ലഭിച്ചത് ഭാഗ്യമാണെന്നും ആദിത്യനാഥ് വ്യക്തമാക്കി.

അതേസമയം മലിന ജല വിഷയത്തില്‍ പ്രതികരിച്ച് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും രംഗത്തെത്തിയിട്ടുണ്ട്. കുളിക്കുന്ന വെള്ളത്തില്‍ മാലിന്യം കലര്‍ന്നിരുന്നു. എന്നിട്ടും കോടിക്കണക്കിനാളുകളെ അതില്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

ഇത്രയധികം ആളുകള്‍ വരുമെന്നും എന്നാല്‍ അവര്‍ക്കാവശ്യമായ സ്ഥല സൗകര്യങ്ങളില്ലെന്നും മുന്‍കൂട്ടിത്തന്നെ അറിയാമായിരുന്നുവെങ്കില്‍ അതിനായുള്ള പദ്ധതി നേരത്തെ തന്നെ തയ്യാറാക്കാമായിരുന്നില്ലേ. നിങ്ങള്‍ യാതൊരു പദ്ധതിയും തയ്യാറാക്കിയില്ലെന്ന് മാത്രമല്ലെ തെറ്റായ പ്രചാരണം നടത്തുകയാണ് ചെയ്തതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി കുറ്റപ്പെടുത്തി.

സംഘാടകര്‍ ജനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്നും ജനക്കൂട്ട നിയന്ത്രണ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി കൂട്ടിച്ചേര്‍ത്തു. 300 കിലോമീറ്ററോളം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇത് തെറ്റായ സംഘാടനം അല്ലാതെ മറ്റെന്താണെന്നും അവിമുക്തേശ്വരാനന്ദ ചോദിച്ചു.

Read more

ആളുകള്‍ക്ക് ലഗേജുമായി 25-30 കിലോമീറ്ററോളമാണ് നടക്കേണ്ടി വന്നത്. 144 വര്‍ഷത്തെ സംസാരം തന്നെ നുണയാണ്. ആള്‍ക്കൂട്ട സംഘാടനവും ആതിഥ്യ മര്യാദയും പാലിച്ചില്ല. ആളുകള്‍ മരിച്ചപ്പോള്‍ അത് മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു.