നൂറാം വയസിലേക്ക് കടക്കുന്ന വി.എസ് അച്യുതാനന്ദന്റെ പിറന്നാള്‍ അവഗണിച്ച സിപിഎം മുഖപത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കേരള രാഷ്ട്രീയത്തിലെ അതികായനായ വിഎസിന്റെ ജീവിതത്തിലെ ഈ നാഴികക്കല്ല് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ കണ്ടില്ലന്നത് വിചിത്രമായി തോന്നി.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. എന്നും ആധികാരികമായിരുന്നു. അദേഹം ഒരിക്കലും ഏകാധിപതിയായിരുന്നില്ലെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. പതിവ് പോലെ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് വി.എസ്.അച്യുതാനന്ദന്‍ നൂറിലേക്ക് കടന്നത്. രാഷ്ട്രീയത്തില്‍ സജീവമായിരുന്നപ്പോഴും അദ്ദേഹം ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നില്ല.
Read more
ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ ഡോ.വി.എ.അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന വിഎസ് ഇപ്പോള്‍ ആരെയും നേരിട്ടു കാണുന്നില്ല. വിഎസിന്റെ സാന്നിധ്യത്തില്‍ ഭാര്യ കെ.വസുമതിയും മക്കളും മരുമക്കളും ചേര്‍ന്ന് കേക്ക് മുറിച്ചു. പായസവും തയാറാക്കി. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, സിപിഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, സി.ദിവാകരന്‍ എന്നിവര്‍ വിഎസിന്റെ വസതിയിലെത്തി അരുണ്‍ കുമാറുമായി സംസാരിച്ചിരുന്നു.