വിപിന്‍ദേവ് വിപി
കേരളത്തില്‍ 2024ല്‍ വാഹന വിപണിയില്‍ മുന്നേറ്റമെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ കണക്കുകള്‍. 2023ല്‍ കേരളത്തില്‍ 7,40,029 വാഹനങ്ങള്‍ നിരത്തിലിറങ്ങിയപ്പോള്‍ 2024ല്‍ സംസ്ഥാനത്ത് വിറ്റഴിച്ചത് 7,54,913 വാഹനങ്ങളാണ്. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.01 ശതമാനം വര്‍ദ്ധനവാണ് സംസ്ഥാനത്ത് വാഹന വിപണിയിലുണ്ടായിരിക്കുന്നത്.
2024ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ടു വീലറുകളായിരുന്നു. 5,08,632 ടുവീലറുകളാണ് പോയ വര്‍ഷം നിരത്തിലിറങ്ങിയത്. ഇതില്‍ 66,813 ടുവീലറുകള്‍ ഇലക്ട്രിക് വാഹനങ്ങളാണ്. കൂട്ടത്തില്‍ 1,110 സിഎന്‍ജി വാഹനങ്ങളുമുണ്ട്. 2023ല്‍ ടുവീലര്‍ വിപണി നേരിട്ട തിരിച്ചടിയ്ക്ക് ആശ്വാസമായിരുന്നു 2024ലെ വില്‍പ്പന.
ത്രീവീലര്‍ വില്‍പ്പനയില്‍ 2024 ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ 32,776 ത്രീവീലറുകള്‍ സംസ്ഥാനത്ത് വിറ്റഴിച്ചപ്പോള്‍ 2024ലെ വില്‍പ്പന 29,076 ആയി കുറയുകയാണുണ്ടായത്. എന്നാല്‍ ത്രീവീലര്‍ വിപണിയില്‍ ഇവി മുന്നേറ്റമുണ്ടാക്കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
5,092 ഇലക്ട്രിക് ത്രീവീലറുകളാണ് പോയ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2023ല്‍ 4,072 വാഹനങ്ങളായിരുന്നു ത്രീവീലര്‍ ഇവി സെഗ്മെന്റില്‍ പുറത്തിറങ്ങിയത്.
അതേസമയം ഫോര്‍വീലറുകളുടെ കാര്യത്തില്‍ നേട്ടമാണ് സംസ്ഥാനത്തെ വില്‍പ്പനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024ല്‍ 2,10,364 ഫോര്‍ വീലറുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2023ല്‍ ഫോര്‍ വീലറുകളുടെ വില്‍പ്പന സംസ്ഥാനത്ത് 2,07,382 ആയിരുന്നു. 1.44 ശതമാനം വര്‍ദ്ധനവാണ് ഫോര്‍ വീലര്‍ വിഭാഗത്തിലുണ്ടായിരിക്കുന്നത്.
ഫോര്‍ വീലര്‍ വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നതും പോയ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023ല്‍ 9,731 ഇലക്ട്രിക് വാഹനങ്ങള്‍ ഫോര്‍ വീലര്‍ വിഭാഗത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോയ വര്‍ഷം 14,609 ഇലക്ട്രിക് വാഹനങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. പുതിയ ഇവി മോഡലുകള്‍ക്ക് സംസ്ഥാനത്ത് പ്രിയമേറുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം വലിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ കഴിഞ്ഞ കൊല്ലം ഇടിവ് രേഖപ്പെടുത്തി. 2024ല്‍ ആകെ നിരത്തിലിറങ്ങിയത് 4,012 ഹെവി വാഹനങ്ങളാണ്. 2023ല്‍ 5,171 വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. മീഡിയം വെഹിക്കിള്‍ വിഭാഗത്തിലും സമാനമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2023ല്‍ 2,889 മീഡിയം വെഹിക്കിള്‍ നിരത്തിലിറങ്ങിയപ്പോള്‍ പോയ വര്‍ഷം വില്‍പ്പന 2829 ആയി കുറയുകയായിരുന്നു.