ബുള്ളറ്റുകള്‍ വാങ്ങിക്കൂട്ടി വിദേശികള്‍; റോയല്‍ എന്‍ഫീല്‍ഡിന് വീണ്ടും വില വര്‍ദ്ധിക്കുമോ?

ഇന്ത്യയിലെ എക്കാലത്തെയും പ്രിയപ്പെട്ട മോട്ടോര്‍ സൈക്കിളിന് വിദേശത്തും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു. ബ്രിട്ടണില്‍ പിറന്ന് നിലവില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളിനാണ് രാജ്യത്തിനകത്തും പുറത്തും പ്രിയമേറുന്നത്.

ഇന്ത്യയില്‍ 350 സിസി ശ്രേണിയില്‍ ആധിപത്യം പുലര്‍ത്തുന്ന വാഹന നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. 2024 ഡിസംബറില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി ബൈക്ക് ശ്രേണി 25.41 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ മൊത്തം 69,476 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. 023 ഡിസംബറില്‍ ഇതേ കണക്ക് 55,401 യൂണിറ്റായിരുന്നു.

ആകെ വിറ്റഴിച്ച യൂണിറ്റുകളില്‍ 350 സിസി പോര്‍ട്ട്ഫോളിയോയുടെ വിഹിതം 87.43 ശതമാനം ആയിരുന്നു. ആഭ്യന്തര വിപണിയ്ക്ക് പുറമേ കയറ്റുമതിയിലും റോയല്‍ എന്‍ഫീല്‍ഡിന്റെ വളര്‍ച്ച പ്രകടമാണ്. 2024 ഡിസംബറില്‍ ആകെ 11,575 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡി വിദേശത്തേക്ക് കയറ്റി അയച്ചത്.

2023 ഡിസംബറില്‍ 6,096 യൂണിറ്റായിരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ കയറ്റുമതി. വാര്‍ഷികാടിസ്ഥാനത്തില്‍ 89.88 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ മാത്രമായി റോയല്‍ എന്‍ഫീല്‍ഡിന്റെ നേട്ടം. ആഭ്യന്തര വിപണയിലും കയറ്റുമതിയിലുമായി ആകെ 79,466 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചത്.