സച്ചിന് പറ്റുമെങ്കില്‍ ഇപ്പോഴുള്ള 'സൂപ്പര്‍ സ്റ്റാറുകള്‍ക്കും' പറ്റും, വിരാടിനെ അടക്കം തൂക്കി പുറത്തുകളയണം; ഇന്ത്യയുടെ മാറുന്ന സംസ്‌കാരത്തിനെതിരെ ഇര്‍ഫാന്‍ പത്താന്‍

ഇക്കഴിഞ്ഞ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ വിരാട് കോഹ്‌ലിയുടെയും മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാരുടെയും പ്രകടനം മറക്കാനാവാത്തതാണ്. പെര്‍ത്തില്‍ നടന്ന പരമ്പര ഓപ്പണറിന്റെ രണ്ടാം ഇന്നിംഗ്സില്‍ കോഹ്‌ലി സെഞ്ച്വറി നേടിയെങ്കിലും പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിലൊന്നും 50 കടക്കാനായില്ല. കൂടാതെ, ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഡെലിവറികള്‍ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പോരാട്ടം വ്യക്തമായിരുന്നു. കാരണം പരമ്പരയില്‍ താരത്തിന്റെ ഒമ്പത് പുറത്താക്കലുകളില്‍ എട്ടെണ്ണവും ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഡെലിവറികള്‍ കളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്.

ഓസ്ട്രേലിയയിലെ കോഹ്‌ലിയുടെ ഔട്ടിംഗിനെക്കുറിച്ച് പറയുകയാണെങ്കില്‍, താരം ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 23.75 ശരാശരിയില്‍ 190 റണ്‍സ് നേടി. മുന്‍ ഇന്ത്യന്‍ അല്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെയും കോഹ്ലിയുടെയും മോശം ഔട്ടിംഗിന് കാരണം ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതാണെന്ന് വിമര്‍ശിച്ചു.

‘പല കളിക്കാര്‍ക്കും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അവസരമുണ്ടായിരുന്നു, പക്ഷേ അവര്‍ കളിച്ചില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? കാരണം സംസ്‌കാരം മാറി. ഇന്ത്യയ്ക്ക് ഒരു സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം ആവശ്യമില്ല, ടീമിന് വേണ്ടി കളിക്കുന്ന താരത്തെയാണ് ടീമിന് ആവശ്യം. ഈ സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം നമ്മള്‍ മാറ്റേണ്ടതുണ്ട്. ഒരു ടീമെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

എപ്പോഴാണ് വിരാട് കോഹ്ലി അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു. സച്ചിന് ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ട ആവശ്യമില്ല. പക്ഷേ അദ്ദേഹം അതിന് സമയം നല്‍കി. റെഡ് ബോള്‍ ക്രിക്കറ്റില്‍ എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

കഴിഞ്ഞ ഏതാനും മത്സരങ്ങളിലെ ആദ്യ ഇന്നിങ്‌സുകളില്‍ വിരാടിന്റെ ശരാശരി 15 ആണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി കണക്കാക്കിയാല്‍ അത് 30 പോലുമല്ല. ഇങ്ങനെയൊരാള്‍ ടീമില്‍ വേണോ? പകരം ഒരു യുവാവിന് നിങ്ങള്‍ അവസരം നല്‍കുക. അവനോട് തയ്യാറാകാന്‍ പറയുക. അവന്‍ ഏകദേശം 25-30 ശരാശരിയില്‍ റണ്‍സ് നേടും.

ഇത് ടീമിനെക്കുറിച്ചാണ്, വ്യക്തികളെക്കുറിച്ചല്ല. വിരാട് കോഹ്ലി ഒരുപാട് റണ്‍സ് നേടിയതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ തരംതാഴ്ത്തുന്നില്ല, പക്ഷേ നിങ്ങളെ എല്ലാ തവണയും സമാനമായ രീതിയിലാണ് പുറത്താകുന്നത്. നിങ്ങള്‍ക്ക് സമാനമായ ഒരു തെറ്റ് ഇങ്ങനെ ഇനിയും ആവര്‍ത്തിക്കാന്‍ കഴിയില്ല- ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.