ബംഗാളില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്ന് ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്. മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ബംഗാളില്‍ സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നത്. ഗവര്‍ണറെന്ന നിലയില്‍ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോള്‍ പറയുന്നില്ല. കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഒന്നിലേറെ പ്രതികളുണ്ടോയെന്നാണ് സംശയം ഉയരുന്നത്. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ ആരെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയാണോ എന്നായിരിക്കും സിബിഐ പ്രധാനമായും അന്വേഷിക്കുക.
എന്തുകൊണ്ട് ആദ്യം ആത്മഹത്യയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, കോളജ് അധികൃതര്‍ക്കു പങ്കുണ്ടോ, കൊലയ്ക്കുശേഷം എന്തുകൊണ്ട് അധികൃതര്‍ നേരിട്ടു പരാതി നല്‍കിയില്ല തുടങ്ങിയ കാര്യങ്ങളും സിബിഐ അന്വേഷിക്കും. റോയ് മാത്രമാണ് കൊലയ്ക്കുപിന്നിലെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.
Read more
അതിനിടെ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍ സേഫ് സോണുകള്‍ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം വേണം, ആശുപത്രിയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.