1971 ലെ വിമോചന യുദ്ധത്തിനുശേഷം ബംഗ്ലാദേശും പാകിസ്ഥാനും ആദ്യമായി നേരിട്ടുള്ള വ്യാപാരം പുനരാരംഭിച്ചു. ഇത് ധാക്കയെ ഇസ്ലാമാബാദിലേക്ക് നേരിട്ട് ബന്ധിപ്പിക്കുകയും ഇന്ത്യയെ ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നു. സർക്കാരുകൾ തമ്മിലുള്ള കരാർ പ്രകാരം പാകിസ്ഥാനിലെ ഖാസിം തുറമുഖത്ത് നിന്ന് ബംഗ്ലാദേശിലേക്ക് 50,000 ടൺ അരിയുടെ ആദ്യ കയറ്റുമതി ആരംഭിച്ചു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അകൽച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധത്തിൽ പുരോഗതിയുടെ സൂചനയാണിത് എന്ന് റോയിട്ടേഴ്‌സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
25,000 ടൺ വീതമുള്ള രണ്ട് ചരക്കുകളായി തിരിച്ച അരി കയറ്റുമതി പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷൻ (പിഎൻഎസ്‌സി) വഴിയാണ് കൊണ്ടുപോകുന്നത്. ബംഗ്ലാദേശ് തുറമുഖത്ത് ഒരു പിഎൻഎസ്‌സി കപ്പൽ നങ്കൂരമിടുന്നത് ഇതാദ്യമായാണ്. ധാക്കയിലെ ഒരു സുപ്രധാന രാഷ്ട്രീയ മാറ്റത്തെ തുടർന്നാണ് ഈ കരാർ. ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ പ്രതിഷേധങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കി ഇന്ത്യയിലേക്ക് നാടുകടത്തേണ്ടിവന്നതിനെത്തുടർന്ന് നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഒരു ഇടക്കാല സർക്കാരിന്റെ നേതൃത്വം ഏറ്റെടുത്തു.
15 വർഷത്തെ ഭരണകാലത്ത് ഹസീന ന്യൂഡൽഹിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അതേസമയം ഇസ്ലാമാബാദിനെ അകറ്റി നിർത്തി. ഇതിനു വിപരീതമായി, യൂനുസ് പാകിസ്ഥാനുമായി ഒരു പുതിയ തുടക്കത്തിനായി വാദിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള അദ്ദേഹത്തിന്റെ സമീപകാല കൂടിക്കാഴ്ചകളിൽ ഈ വികാരം പ്രതിഫലിച്ചു. പാകിസ്ഥാനുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് ബംഗ്ലാദേശ് വിയറ്റ്നാമിൽ നിന്ന് ടണ്ണിന് 474.25 ഡോളറിന് അരി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, ബംഗ്ലാദേശിൽ സമീപ മാസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വില 15-20 ശതമാനം വർദ്ധിച്ചതിനാൽ, ധാക്ക പാകിസ്ഥാനിൽ നിന്ന് ടണ്ണിന് 499 ഡോളർ എന്ന ഉയർന്ന നിരക്കിൽ വെളുത്ത അരി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
Read more
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് കീഴിൽ ഇസ്ലാമാബാദും ധാക്കയും തമ്മിലുള്ള വ്യാപാര, നയതന്ത്ര, സൈനിക സഹകരണത്തിൽ അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം, ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിന്റെ നേതൃത്വത്തിൽ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) യിൽ നിന്നുള്ള നാലംഗ പ്രതിനിധി സംഘം ബംഗ്ലാദേശ് സന്ദർശിച്ചു. സുരക്ഷാ ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.