'വെടിയുണ്ട ആബെയുടെ ഹൃദയത്തില്‍ തുളച്ചുകയറി', വധിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്ന് കൊലയാളി

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ വിശദീകരണവുമായി വൈദ്യസംഘം. വെടിയുണ്ട ആബെയുടെ ഹൃദയത്തില്‍ തുളച്ചുകയറി. വിലയൊരു തുള ഹൃദയത്തില്‍ വീണിരുന്നു. ഇതിനെത്തുടര്‍ന്ന് ആബെയ്ക്കു ഹൃദയാഘാതമുണ്ടായി.

ആബെയുടെ കഴുത്തിലും നെഞ്ചിലും വെടിയേറ്റതിന്റെ മുറിവുണ്ടായിരുന്നു. ഇടത് തോളിനോട് ചേര്‍ന്ന ഭാഗത്തുകൂടിയാണ് ഒരു വെടിയുണ്ട തറച്ചുകയറിയത്. ഇടത് നെഞ്ചില്‍ ആന്തരിക രക്തസ്രാവമുണ്ടായി. വെടിയുണ്ട ഹൃദയത്തില്‍നിന്നു നീക്കാന്‍ സാധിച്ചില്ല. ചികിത്സയ്ക്കിടെ വലിയ അളവില്‍ രക്തം നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്നും വൈദ്യസംഘം വ്യക്തമാക്കി.

ജപ്പാന്‍ സമയം രാവിലെ പതിനൊന്നരയോടെയാണ് കിഴക്കന്‍ ജപ്പാനിലെ നരാ നഗരത്തില്‍ വച്ച് ആബെയ്ക്ക് വെടിയേറ്റത്. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തില്‍ ആബെ പ്രസംഗിച്ചുകൊണ്ടിരിക്കെ അക്രമി പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അഗ്‌നിരക്ഷാസേന അറിയിച്ചു. ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. എയര്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ആബെയുടെ ശ്വാസം നിലച്ചിരുന്നതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

വെടിവെച്ച അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുന്‍ പ്രതിരോധസേനാംഗം തെത്സുയ യമഗാമി എന്ന നാല്‍പ്പത്തിയൊന്നുകാരനാണ് ആബെയെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഇയാള്‍ സ്വയം നിര്‍മ്മിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more

ആബെയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായിരുന്നെന്നും വധിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്നുമാണ് യമഗാമി പൊലീസിനോട് പറഞ്ഞത്.